ഒഴുക്കില്‍പെട്ട് ഒരു കുടുംബത്തിലെ ആറു പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

ആഗ്ര: കൊടുംചൂടിൽ കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടെ ചൂടിന് ആശ്വാസമാകാൻ യമുന നദിയിൽ ഇറങ്ങി. ഒഴുക്കില്‍പെട്ട് ഒരു കുടുംബത്തിലെ ആറു പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെ ആഗ്രയിലെ സിക്കന്ദര പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.

മുസ്‌കാന്‍ (18), സഹോദരിമാരായ ദിവ്യ (13), സന്ധ്യ (12), നൈന (14) എന്നിവരാണ് കുളിക്കാനായി ആദ്യം നദിയിലേക്ക് പോയത്. അല്‍പസമയത്തിന് ശേഷം ഇവരുടെ ബന്ധുക്കളായ സോനം (12), ശിവാനി (17) എന്നിവരും എത്തി. നദിക്കടുത്തുള്ള കൃഷിയിടത്തില്‍ പണിയെടുക്കുന്നവരായിരുന്നു പെണ്‍കുട്ടികള്‍. ഉച്ചവെയിലിന്റെ കൊടുംചൂടില്‍നിന്ന് താല്‍കാലികരക്ഷ എന്ന നിലയിലാണ് ഇവര്‍ നദീതീരത്തേക്ക് എത്തിയത്. പെണ്‍കുട്ടികള്‍ നദീതീരത്തെ ജലത്തില്‍, വലിയ ആഴമില്ലാത്തിടത്ത് കളിക്കുന്നതും ഫോണില്‍ വീഡിയോയും മറ്റും എടുക്കുന്നതും കണ്ടിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

വെള്ളത്തില്‍ മുങ്ങിയാണ് ആറുമരണങ്ങളും എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നത്. പെണ്‍കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് കൂടുതല്‍ പേര്‍ സ്ഥലത്തേക്കെത്തി.

നാലുപേരെ വെള്ളത്തില്‍ മുങ്ങി കാണാതായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അതേസമയം, രണ്ടുപേരെ ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇവരും മരണത്തിന് കീഴടങ്ങി. അടുത്തടുത്ത ഗ്രാമങ്ങളിലായി താമസിക്കുന്ന ബന്ധുക്കളായ ആറ് പെണ്‍കുട്ടികള്‍ ഒരേ സമയം മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് ഗ്രാമവാസികള്‍.

More From Author

Leave a Reply

Your email address will not be published. Required fields are marked *