ഐപിഎല്ലിന്റെ ഒറ്റ എഡിഷനില്‍ 700 റണ്‍സ് നേടുന്ന ആദ്യ നോണ്‍-ഓപ്പണർ: നേട്ടവുമായി സൂര്യകുമാര്‍ യാദവ്

അഹമ്മദാബാദ്: ഐപിഎലിന്റെ ചരിത്രത്തില്‍ പുത്തന്‍ അധ്യായമെഴുതി മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ഐപിഎല്ലിന്റെ 18 സീസണുകള്‍ നീണ്ട ഇതുവരെയുള്ള ചരിത്രത്തില്‍ 700 റണ്‍സ് ഒരു എഡിഷനില്‍ തികച്ച ആദ്യ നോണ്‍-ഓപ്പണര്‍ (ഓപ്പണര്‍ അല്ലാത്ത താരം) എന്ന നേട്ടം സ്‌കൈ സ്വന്തമാക്കി. ഇതിന് മുമ്പ് ഓപ്പണര്‍മാര്‍ മാത്രമേ ഐപിഎല്ലില്‍ ഒരു സീസണില്‍ തന്നെ 700-ലേറെ റണ്‍സ് നേടിയിട്ടുള്ളൂ. ഐപിഎല്ലിന്റെ 2016 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇതിഹാസ ബാറ്റര്‍ എ ബി ഡിവില്ലിയേഴ്‌സ് നേടിയ 687 റണ്‍സായിരുന്നു ഏതെങ്കിലുമൊരു ഐപിഎല്‍ സീസണില്‍ ഓപ്പണറല്ലാത്ത ഒരു താരം ഇതിന് മുമ്പ് നേടിയ ഉയര്‍ന്ന റണ്‍സ്. ഐപിഎല്‍ 2025 ക്വാളിഫയര്‍ 2-വില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ വെടിക്കെട്ടോടെ സൂര്യകുമാര്‍ യാദവ് ഈ റെക്കോര്‍ഡ് മറികടന്നു.

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായി പലരും വിശേഷിപ്പിക്കുന്ന സൂര്യകുമാര്‍ യാദവ് ഐപിഎല്‍ പതിനെട്ടാം സീസണില്‍ സ്വപ്ന ജൈത്രയാത്രയാണ്. ഐപിഎല്‍ 2025ല്‍ 29(26), 48(28), 27(9), 67(43), 28(26), 40(28), 26(15), 68(30), 40(19), 54(28), 48(23), 35(24), 73*(43), 57(39), 33(20), 44(26) എന്നിങ്ങനെയാണ് സൂര്യകുമാറിന്റെ സ്‌കോറുകള്‍. ടി20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ 25-ഓ അതിലധികമോ റണ്‍സ് നേടുന്ന താരമെന്ന നേട്ട ഈ ഐപിഎല്‍ സീസണിനിടെ സ്‌കൈയെ തേടിയെത്തിയിരുന്നു. ഐപിഎല്‍ 2025ലെ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 26 പന്തുകളില്‍ 44 റണ്‍സ് അടിച്ചെടുത്തതോടെ തുടര്‍ച്ചയായ 16-ാം മത്സരത്തിലും സൂര്യകുമാര്‍ യാദവ് 25-ഓ അതിലധികമോ റണ്‍സ് കണ്ടെത്തി. പഞ്ചാബിനെതിരെ നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് നാല് ബൗണ്ടറികളും മൂന്ന് ഫോറുകളും നേടിയാണ് 44 റണ്‍സിലെത്തിയത്.

ഈ ഐപിഎല്‍ സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന് മാത്രം പിന്നിലായി രണ്ടാംസ്ഥാനത്തുണ്ട് മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ്. സായ് 759 റണ്‍സാണ് നേടിയതെങ്കില്‍ സ്‌കൈക്ക് 717 റണ്‍സായി. രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്‌സിനെ കീഴടക്കി മുംബൈ ഇന്ത്യന്‍സ് ഫൈനലിലെത്തിയാല്‍ സായ് സുദര്‍ശനെ പിന്നിലാക്കി ഓറഞ്ച് ക്യാപ് സൂര്യകുമാര്‍ യാദവിന് അണിയാനുള്ള സാധ്യത തെളിയും. സായ്യുടെ ഗുജറാത്ത് ഇതിനകം ഐപിഎല്ലില്‍ നിന്ന് പുറത്തായ ടീമാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *