
ഏറ്റുമാനൂർ-എറണാകുളം റൂട്ടിൽ നമ്പ്യാകുളത്ത് മിനി ടൂറിസ്റ്റ് ബസ് എതിർദിശയിൽ വന്ന മറ്റൊരു ബസ്സിലിടിച്ചുണ്ടായ അപകടത്തിൽ വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.
കോയമ്പത്തൂരിൽനിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്ക് പോവുകയായിരുന്ന ബസ്സിലേക്കാണ് മിനി ബസ് ഇടിച്ചുകയറിയത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. മിനി ടൂറിസ്റ്റ് ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ബസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് എത്തിയ കുറവിലങ്ങാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
