എസ് പി മെഡിഫോർട്ട് ആശുപത്രിയിലെ ന്യൂറോ സർജനെതിരെ കേസ്

തിരുവനന്തപുരം: തലയിൽ രക്തസ്രാവമുണ്ടായതിനെത്തുടർന്ന് അടിയന്തിര ശസ്ത്രക്രീയയ്ക്ക് വിധേയനായ ഐഎഎസ് ഓഫീസർ കോമയിൽ. ചികിത്സാപിഴവെന്നാരോപിച്ച് കുടുംബം. തിരുവനന്തപുരം മുൻ ജില്ലാ കലക്ടറും പിആര്‍ഡി ഡയറക്ടറുമായിരുന്ന എം നന്ദകുമാര്‍ ആണ് ചികിത്സാ പിഴവിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായത്. മകളുടെ പരാതിയെ തുടർന്ന് എസ് പി മെഡിഫോർട്ട് ആശുപത്രിയിലെ ന്യൂറോ സർജനെതിരെ കേസെടുത്ത് പൊലീസ്.

എം നന്ദകുമാറിന്റെ മകളുടെ പരാതിയെ തുടര്‍ന്നാണ് വഞ്ചിയൂര്‍ പോലീസ് എഫ്‌ഐആര്‍ (632/2025) രജിസ്റ്റര്‍ ചെയ്തത്. എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയിലെ ന്യൂറോ സര്‍ജൻ ഡോ. കെ ശ്രീജിത്തിനെ പ്രതിയാക്കിയാണ് കേസ് എടുത്തത്.

തലയില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 16 നാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥൻ നന്ദകുമാറിനെ എയര്‍പോര്‍ട്ടിന് സമീപമുള്ള എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേന്ന് തന്നെ ന്യൂറോ സര്‍ജന്‍ ഡോ ശ്രീജിത്ത് സര്‍ജറി നടത്തി. എന്നാല്‍ അന്നു മുതല്‍ അദ്ദേഹം അബോധാവസ്ഥയിലാണെന്ന് മകള്‍ പാര്‍വതി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.ശസ്ത്രക്രിയയില്‍ പിഴവുണ്ടായി എന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം. തൊട്ടടുത്ത അനന്തപുരി ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി എന്നാണ് അറിയുന്നത്.

ഭാരതീയ ന്യായ സംഹിത 125 വകുപ്പ് പ്രകാരം കഴിഞ്ഞ മാസം 24നാണ് വഞ്ചിയൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മനുഷ്യജീവന് അപകടമുണ്ടാക്കും വിധത്തില്‍ അശ്രദ്ധമായി പെരുമാറി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

സംഖ്യാ ശാസ്ത്രം, ജ്യോതിഷം, തന്ത്രവിദ്യ എന്നിവയില്‍ പാണ്ഡിത്യമുള്ള നന്ദകുമാര്‍ പ്രാസംഗികനും എഴുത്തുകാരനുമാണ്. 2011 ഒക്ടോബറിലാണ് നന്ദകുമാര്‍ തിരുവനന്തപുരം കലക്ടറായി നിയമിതനായത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *