ടൊയോട്ടയുടെ ആഗോളതലത്തിൽ ശ്രദ്ധേയമായ ‘കൊറോള ക്രോസ്’ എസ്യുവി ഇന്ത്യൻ വിപണിയിലേക്കും എത്താൻ ഒരുങ്ങുന്നു. പവർട്രെയിൻ ഓപ്ഷനുകളിലെ വൈവിധ്യവുമായി എത്തുന്ന ഈ മോഡൽ 2028 അവസാനത്തോടെയോ 2029 തുടക്കത്തിലോ നിരത്തിലിറങ്ങുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ പദ്ധതി നീണ്ടുപോകുകയായിരുന്നു.
വിപണിയിലെ എതിരാളികൾ
പ്രധാനമായും ഹ്യുണ്ടായി ട്യൂസൺ, ജീപ്പ് കോമ്പസ് എന്നിവരോടായിരിക്കും കൊറോള ക്രോസ് മത്സരിക്കുക. എന്നാൽ ഇതിന്റെ വിലനിർണ്ണയം മഹീന്ദ്ര XUV 700, ടാറ്റ സഫാരി, ഹ്യുണ്ടായി അൽകാസർ തുടങ്ങിയ മോഡലുകളെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്. കൃത്യമായ വിലനിർണ്ണയം സാധ്യമായാൽ ക്രെറ്റ, സെൽറ്റോസ് തുടങ്ങിയ ജനപ്രിയ എസ്യുവികളുടെ വിപണി വിഹിതവും ടൊയോട്ടയ്ക്ക് ലക്ഷ്യമിടാം.
പ്ലാറ്റ്ഫോമും ഇന്റീരിയറും
ടൊയോട്ട ഇന്നോവ ഹൈക്രോസ് നിർമ്മിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിലാണ് കൊറോള ക്രോസും ഒരുങ്ങുന്നത്. ഹൈക്രോസിന് നീളമേറിയ വീൽബേസ് ഉള്ളതിനാൽ, ആ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിലൂടെ കൊറോള ക്രോസിന് ഒരു അധിക നിര സീറ്റുകൾ കൂടി (Three-row seating) ഉൾക്കൊള്ളാൻ സാധിച്ചേക്കും. ഇത് ഇന്ത്യൻ കുടുംബങ്ങൾക്കിടയിൽ വാഹനത്തിന് വലിയ സ്വീകാര്യത നൽകും.
പവർട്രെയിൻ ഓപ്ഷനുകൾ
ഇന്നോവ ഹൈക്രോസിലുള്ള 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.0 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനുകൾ തന്നെയാകും ഇതിലും പ്രതീക്ഷിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്ന പെട്രോൾ പതിപ്പ് 173 ബിഎച്ച്പി കരുത്ത് നൽകും. കൂടുതൽ കരുത്തുറ്റ ഹൈബ്രിഡ് പതിപ്പ് 186 ബിഎച്ച്പി വരെ കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.
