കൊച്ചി: ‘അമ്മ’യിലെ അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് നടൻ രമേഷ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കേസിൽ ഉൾപ്പെടുത്തിയതെന്നും പിഷാരടി മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചു.
അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതെന്നും എന്നാൽ, ചുമതല തനിക്ക് അനുയോജ്യമല്ലെന്ന് മനസ്സിലായതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ സ്ഥാനം ഒഴിഞ്ഞുവെന്നും പിഷാരടി വ്യക്തമാക്കി.
ശ്വേതാ മേനോൻ ‘അമ്മ’യിൽ നിന്ന് രാജിവച്ചെങ്കിലും സംഘടനയുടെ മിനിറ്റ്സ് ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ കൈമാറിയിരുന്നില്ലെന്നും സത്യവാങ്മൂലത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് രമേഷ് പിഷാരടി കോടതിയെ സമീപിച്ചിരിക്കുന്നത്.
