ആലപ്പുഴ പുന്നപ്രയിൽ പാചകവാതക സിലിണ്ടറിൽ ഗ്യാസിന് പകരം പച്ചവെള്ളം കണ്ടെത്തിയ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. പുന്നപ്ര കുറവൻതോട് ‘ഒരുമ’ ഫുഡ് പ്രോഡക്ട്സ് ഉടമ കബീർ കഴിഞ്ഞ ഞായറാഴ്ച വാങ്ങിയ 19.1 കിലോയുടെ വാണിജ്യ സിലിണ്ടറിലാണ് പത്തു കിലോയോളം വെള്ളം കണ്ടെത്തിയത്. ചപ്പാത്തി നിർമ്മാണത്തിനിടെ സിലിണ്ടർ പെട്ടെന്ന് ഓഫായതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ വാൽവിലൂടെ വെള്ളം പുറത്തേക്ക് വരികയായിരുന്നു. എന്നാൽ, ഗ്യാസ് ഏജൻസിയെ വിവരമറിയിച്ചപ്പോൾ തങ്ങൾക്ക് ഇതിൽ ഉത്തരവാദിത്തമില്ലെന്നും പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നുമാണ് അവർ നൽകിയ വിശദീകരണം. സിലിണ്ടറിൽ ഇത്തരത്തിൽ വെള്ളം നിറഞ്ഞത് വലിയ സാമ്പത്തിക നഷ്ടത്തിനും ആശങ്കയ്ക്കും കാരണമായിരിക്കുകയാണ്.
