Home » Blog » kerala Mex » ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക്; ബിഎസ്എൻഎല്ലിനും വിക്കും കനത്ത തിരിച്ചടി; വരിക്കാരെ വാരിക്കൂട്ടി എയർടെല്ലും ജിയോയും
012d20b815108090e2f40fb12457242e3ddd1560d779dd27e1778369b4d45073.0

രാജ്യത്തെ ടെലികോം വിപണിയിൽ സ്വകാര്യ കമ്പനികൾ ആധിപത്യം തുടരുമ്പോൾ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനും വോഡഫോൺ ഐഡിയയ്ക്കും (വി) വൻ തിരിച്ചടി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തുവിട്ട 2025 ഡിസംബർ മാസത്തെ കണക്കുകൾ പ്രകാരം, ഭാരതി എയർടെല്ലും റിലയൻസ് ജിയോയും വരിക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. ഡിസംബറിൽ മാത്രം 54.28 ലക്ഷത്തിലധികം പുതിയ വരിക്കാരെ ചേർത്ത് എയർടെൽ കരുത്തുകാട്ടിയപ്പോൾ, ജിയോ 29.60 ലക്ഷം വരിക്കാരെ സ്വന്തമാക്കി. എന്നാൽ ഇതേ കാലയളവിൽ വോഡഫോൺ ഐഡിയയ്ക്ക് 9.40 ലക്ഷം ഉപഭോക്താക്കളെയും ബിഎസ്എൻഎല്ലിന് 2.06 ലക്ഷം പേരെയും നഷ്ടമായത് ആശങ്കാജനകമാണ്.

വിപണി വിഹിതത്തിൽ റിലയൻസ് ജിയോ തന്നെയാണ് ഇപ്പോഴും ഒന്നാമത്. 48.90 കോടി വരിക്കാരുള്ള ജിയോയ്ക്ക് 39.31 ശതമാനം വിപണി വിഹിതമുണ്ട്. തൊട്ടുപിന്നാലെ 46.33 കോടി വരിക്കാരുമായി 37.24 ശതമാനം വിപണി വിഹിതം എയർടെൽ കൈക്കലാക്കി. നവംബർ മാസത്തെ അപേക്ഷിച്ച് എയർടെൽ 1.19 ശതമാനവും ജിയോ 0.61 ശതമാനവും വളർച്ച രേഖപ്പെടുത്തിയപ്പോൾ, വി (-0.47%), ബിഎസ്എൻഎൽ (-0.22%) എന്നിവർക്ക് ഇടിവാണ് സംഭവിച്ചത്. നിലവിൽ ബിഎസ്എൻഎല്ലിന്റെ വിപണി വിഹിതം വെറും 7.47 ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്. മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി (MNP) രാജ്യത്ത് 16.12 ലക്ഷം അപേക്ഷകൾ ഡിസംബറിൽ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.

ബ്രോഡ്‌ബാൻഡ് മേഖലയിൽ ഫിക്‌സഡ് വയർലെസ് ആക്‌സസ് (FWA) സാങ്കേതികവിദ്യയ്ക്ക് സ്വീകാര്യത ഏറുന്നതായും ട്രായ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡിസംബറിൽ എഫ്‌ഡബ്ല്യൂഎ കണക്ഷനുകളിൽ 5.04 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾക്കായി ഉപഭോക്താക്കൾ പുതിയ സാങ്കേതികവിദ്യകളിലേക്ക് മാറുന്നതിന്റെ സൂചനയാണിത്. മൊബൈൽ വരിക്കാരുടെ ആകെ എണ്ണത്തിൽ ജിയോ ലീഡ് ചെയ്യുന്നുണ്ടെങ്കിലും, പുതിയ വരിക്കാരെ ചേർക്കുന്ന കാര്യത്തിൽ എയർടെൽ കൈവരിച്ച വേഗത വരും മാസങ്ങളിൽ ടെലികോം യുദ്ധം കൂടുതൽ മുറുകുമെന്ന സൂചനയാണ് നൽകുന്നത്.