ഉത്തർപ്രദേശിൽ അധ്യാപകൻ ഹെഡ് കോൺസ്റ്റബിളിനെ വെടിവെച്ചു കൊന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകൻ ഹെഡ് കോൺസ്റ്റബിളിനെ വെടിവെച്ചു കൊന്നു. പ്രതിയായ അദ്ധ്യാപകൻ മോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുൻഹെദ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സഹാറൻപൂരിൽ ജോലി ചെയ്തിരുന്ന ഹെഡ് കോൺസ്റ്റബിൾ അജയ് പൻവർ ആണ് കൊല്ലപ്പെട്ടത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ അജയ്, പ്രതിയായ അധ്യാപകനായ മോഹിതുമായി തർക്കത്തിലേർപ്പെട്ടതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം അജയ് നടക്കാൻ പോയപ്പോൾ മോഹിത് വീണ്ടും വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തർക്കം രൂക്ഷമായതിനെ തുടർന്ന് മോഹിത് വെടിയുതിർക്കുകയും അജയ് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയുമായിരുന്നു. ഒരു മാസത്തെ അവധിക്ക് ഗ്രാമത്തിലായിരുന്നു അജയ്.

കൊലപാതകത്തിന് പിന്നാലെ പോലീസ് പ്രതിയെ കീഴ്പ്പെടുത്തി. പോലീസും പ്രതിയുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ പ്രതിയുടെ കാലിൽ വെടിവെച്ചാണ് പൊലീസ് പ്രതിയെ കീഴ്പ്പെടുത്തിയത്. പരിക്കേറ്റ ഇയാളെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

More From Author

Leave a Reply

Your email address will not be published. Required fields are marked *