Home » Blog » Kerala » ഇ.പി. ജയരാജന് വൻ തിരിച്ചടി; വിമാനത്തിലെ മർദ്ദനക്കേസ് പ്രത്യേക സംഘം വീണ്ടും അന്വേഷിക്കും
EP-Jayarajan-680x450

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ സിപിഐഎം നേതാവ് ഇ.പി. ജയരാജനെതിരെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ തീരുമാനപ്രകാരമാണ് എ.സി.പി തലവനായുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. കേസിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പോലീസിന്റെ ഈ അടിയന്തര നീക്കം.

 

ഇ.പി. ജയരാജന് പുറമെ, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ ഗൺമാനായിരുന്ന അനിൽ കുമാറിനെതിരെയും പ്രത്യേക സംഘം അന്വേഷണം നടത്തും. നേരത്തെ ഈ കേസ് അന്വേഷിച്ച പോലീസ്, ഇ.പി. ജയരാജനെതിരെയുള്ള കുറ്റങ്ങൾ ഒഴിവാക്കി കേസ് എഴുതിത്തള്ളാൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ട് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൂർണ്ണമായി തള്ളി. കേസ് അത്രപെട്ടെന്ന് എഴുതിത്തള്ളാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, കൃത്യമായ അന്വേഷണം നടത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ എസ്‌.ഐ.ടിയെ നിയോഗിച്ചിരിക്കുന്നത്.

 

2022 ജൂൺ 13-നായിരുന്നു സംഭവം നടന്നത്. സ്വർണ്ണക്കടത്ത് വിവാദം കത്തുന്ന സമയത്ത് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തപ്പോൾ വിമാനത്തിനുള്ളിൽ വെച്ച് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മുന്നോട്ട് നീങ്ങിയ പ്രതിഷേധക്കാരെ വിമാനത്തിലുണ്ടായിരുന്ന ഇ.പി. ജയരാജൻ തള്ളിയിടുകയായിരുന്നു. mസംഭവത്തിൽ ഇൻഡിഗോ എയർലൈൻസ് ആഭ്യന്തര അന്വേഷണം നടത്തുകയും ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് താൻ ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന് ഇ.പി. പ്രഖ്യാപിച്ചിരുന്നു. ഇൻഡിഗോ അധികൃതർ പലതവണ അഭ്യർത്ഥിച്ചിട്ടും വിട്ടുനിന്ന ഇ.പി, വർഷങ്ങൾക്ക് ശേഷം സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം കാണാൻ ഡൽഹിയിലേക്ക് പോയത് ഇൻഡിഗോ വിമാനത്തിലായിരുന്നു. അതോടെയാണ് അദ്ദേഹം തന്റെ ബഹിഷ്‌കരണം അവസാനിപ്പിച്ചത്.