ഇൻഷുറൻസ് കമ്പനി 28 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; ഉത്തരവിട്ട് തർക്കപരിഹാര കമ്മീഷൻ

റാന്നി: ഇൻഷുറൻസ് എടുത്തയാൾ മരിച്ചിട്ടും ഇൻഷുറൻസ് തുക നൽകിയില്ല. 28 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ. പോളിസിയിൽ വാഗ്‌ദാനം ചെയ്ത തുക നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനിയുടെ മാനേജരും ലീഗല്‍ മാനേജരും ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തില്ലെന്ന കാരണം പറഞ്ഞാണ് പ്രതികൾ പണം നൽകാതിരുന്നത്. മല്ലശ്ശേരി വിസ്‌മയ വീട്ടിൽ ബിന്ദു ജയകുമാർ ആണ് ഐ.സി.ഐ.സി.ഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെതിരെ പരാതി നൽകിയത്. കമ്മീഷൻ ഉത്തരവ് കൈപ്പറ്റി അടുത്ത ദിവസം തന്നെ എതിർകക്ഷികൾ തുക കമ്മീഷനിൽ കെട്ടിവെച്ച് കേസ് തീർപ്പാക്കി.

ബിന്ദുവും കുടുംബവും 2020 -2025 കാലയളവിൽ ‘ഇന്‍കം പ്രോട്ടെക്ട് ‘ എന്ന പേരിലുള്ള ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. 37,500 രൂപയാണ് പ്രീമിയം അടക്കേണ്ടിയിരുന്നത്. ക്രിട്ടിക്കല്‍ ഇല്‍നസ് കവറേജ് ഉൾപ്പെടെ വാഗ്‌ദാനം ചെയ്താണ് കമ്പനി ബിസിനസ് പോളിസി എടുപ്പിച്ചത്. ഇതിൽ അംഗമായ ഒരാൾ മരിച്ചാൽ 27,40,261 രൂപ കിട്ടുമെന്നാണ് പോളിസി സര്‍ട്ടിഫിക്കറ്റിൽ പറഞ്ഞിരുന്നത്. 2021 ഡിസംബർ 15ന് ബിന്ദുവിന്‍റെ ഭർത്താവ് ജയകുമാറി(48)ന് കലശലായ നെഞ്ചുവേദന അനുഭവപ്പെടുകയും പത്തനംതിട്ട ഗവൺമെന്റ്റ് ജനറൽ ഹോസ്പിറ്റലിൽ രാവിലെ തന്നെ അഡ്‌മിറ്റ് ആക്കുകയും ചെയ്‌തു. രാവിലെ 11.45 ന് ഹൃദയസ്തഭനം മൂലം അദ്ദേഹം മരണപ്പെട്ടു. ജയകുമാറിന് മുമ്പ് നെഞ്ചുവേദന അനുഭവപ്പെടുകയും പത്തനംതിട്ട മുത്തൂറ്റ് ഹോസ്‌പിറ്റൽ അഡ്‌മിറ്റായി ഇസിജി അടക്കമുള്ള ടെസ്റ്റുകൾ നടത്തി ബി.പിയ്ക്കും കൊള‌സ്ട്രോളിനും മറ്റുമുള്ള മരുന്നുകൾ കഴിച്ചിരുന്നു.

മരണശേഷം ജയകുമാറിന്റെ ഭാര്യ ബിന്ദു പോളിസി മുഖാന്തരം തങ്ങൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ ചോദിച്ചപ്പോൾ ഇൻഷുറൻസ് കമ്പനി പൂർണ്ണമായി അത് നിരസിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാത്തതു കൊണ്ട് മരണകാരണം വ്യക്തമല്ല എന്ന് പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്. ഡോക്ടർമാരുടെ ചികിത്സയില്‍ തുടരുമ്പോള്‍ തന്നെ രോഗി മരിച്ചതിനാൽ പോസ്റ്റുമോർട്ടം ആവശ്യമില്ലെന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഉൾപ്പെടെയുള്ള ഡോക്‌ടർമാർ പറഞ്ഞതു കൊണ്ടാണ് ബന്ധുക്കൾ പോസ്റ്റ്മോർട്ടത്തിന് ശ്രമിക്കാതിരുന്നത്. മരണകാരണം ഹാർട്ട് അറ്റാക്ക് ആണെന്ന് ഡോക്ടറും ബന്ധപ്പെട്ടവരും വ്യക്തമായി പറഞ്ഞിട്ടും ഇൻഷുറൻസ് കമ്പനി ആനുകൂല്യം നിരസിച്ചുവെന്ന് ബിന്ദു പരാതിയിൽ ചൂണ്ടിക്കാട്ടി.

അന്യായം ഫയലിൽ സ്വീകരിച്ച കമീഷൻ ഹർജികക്ഷി ഫയൽ ചെയ്ത അന്യായത്തിൽ വസ്‌തുതയുണ്ടെന്ന് കണ്ടെത്തി. തുടർന്ന് എതിർകക്ഷികൾ രണ്ടുപേരും ചേർന്ന് പ്രീമിയം കവറേജ് തുകയായ 27,40,261 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും 10,000 രൂപ കോടതി ചിലവും ഉൾപ്പടെ 28,00,261 രൂപ നൽകാൻ ഉത്തരവിട്ടു. ഈ തുകയും കമ്മീഷനിൽ ഹർജി ഫയൽ ചെയ്‌ത അന്നുമുതൽ 9% പലിശയും ചേർത്ത് പരാതിക്കാരിക്ക് നൽകാൻ കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ഉത്തരവിട്ടു.

More From Author

Leave a Reply

Your email address will not be published. Required fields are marked *