ഇറാനെതിരായ ഇസ്രയേൽ സൈനിക നടപടിക്ക് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥരും പ്രാദേശിക അധികൃതരും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എപ്പോഴും കരുതിയിരിക്കണമെന്നും എംബസി പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തിനകത്തുള്ള അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കാനും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതമായി ഇരിക്കാൻ നിശ്ചയിക്കപ്പെട്ട ഷെൽട്ടറുകൾക്ക് സമീപം തന്നെ തുടരണമെന്നും താമസസ്ഥലത്തിന് അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങൾ മുൻകൂട്ടി അറിഞ്ഞിരിക്കണമെന്നും നിർദ്ദേശമുണ്ട്. പുതുക്കിയ സുരക്ഷാ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റുകളും പ്രാദേശിക വാർത്തകളും നിരന്തരം നിരീക്ഷിക്കണം. എന്തെങ്കിലും അടിയന്തര സഹായം ആവശ്യമുള്ളവർ ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.
