ഇറാന് നെതന്യാഹുവിന്റെ മകന്റെ ഭാവി വധുവിനെക്കുറിച്ചുള്ള വിവരങ്ങളടക്കം കൈമാറി; 3 ചാരന്‍മാര്‍ അറസ്റ്റില്‍

ടെഹ്റാന്‍: ഇറാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന മൂന്ന് ഇസ്രയേലികളെ അറസ്റ്റ് ചെയ്ത് പൊലീസും ഷിന്‍ ബെത്ത് ഏജന്റുമാരും. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്റെ ഭാവി വധുവിനെക്കുറിച്ചുള്ള വിവരങ്ങളടക്കം പ്രതികളില്‍ ഒരാള്‍ ശേഖരിച്ച് ഇറാന് കൈമാറിയതായി ഹീബ്രു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നെതന്യാഹുവിന്റെ മകന്റെ വിവാഹം ഇറാനുമായുള്ള യുദ്ധത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ഇറാന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച് ഇതിനകം നിരവധി ഇസ്രയേലികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ മൂവര്‍ക്കും പരസ്പരം ബന്ധമില്ലാത്തതിനാല്‍ പൊലീസ് ഇവര്‍ക്കെതിരെ വെവ്വേറെ കേസുകളാണ് ചുമത്തിയത്. അറസ്റ്റിലായവരില്‍ ഹൈഫയില്‍ താമസിക്കുന്ന ദിമിത്രി കോഹന്‍ (28) ആണ് നെതന്യാഹുവിന്റെ മകന്‍ അവ്നര്‍ നെതന്യാഹുവിന്റെയും വധു അമിത് യാര്‍ഡേനിയുടെയും കുടുംബത്തെ കുറിച്ച രഹസ്യ വിവരങ്ങള്‍ ശേഖരിച്ച് കൈമാറിയതെന്നാണ് ആരോപണം. ഇയാളെ ഒരുമാസം മുമ്പ് പിടികൂടിയിരുന്നെങ്കിലും ഇന്നലെയാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. ഇറാനിയന്‍ ഏജന്റുമാരില്‍ നിന്ന് ആയിരക്കണക്കിന് ഡോളര്‍ ക്രിപ്റ്റോകറന്‍സിയായി ചാരന്‍മാര്‍ക്ക് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിമിത്രി കോഹനെ കൂടാതെ ടെല്‍ അവീവ് സ്വദേശിയായ 27കാരനും ഷാരോണ്‍ മേഖലയില്‍ നിന്നുള്ള 19 വയസ്സുകാരനുമാണ് അറസ്റ്റിലായ മറ്റുള്ളവര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സൈനിക താവളങ്ങളുടെയും വീടുകളുടെ ഫോട്ടോകള്‍ ഇവര്‍ ഇറാന് കൈമാറിയതായും ആരോപണമുണ്ട്. ആശയവിനിമയം നടത്താന്‍ ഉപയോഗിച്ചതായി സംശയിക്കുന്ന നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇസ്രയേലികളെ പണം നല്‍കി ചാരന്മാരായി റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ ഇറാന്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനുമായുള്ള യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ സുരക്ഷാ സേന രണ്ട് ഇസ്രയേലികളെ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു

More From Author

Leave a Reply

Your email address will not be published. Required fields are marked *