ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ എണ്ണ ടാങ്കറുകൾക്കും ചരക്കു കപ്പലുകൾക്കും സുരക്ഷിത പാത ഒരുക്കുന്നതിനായുള്ള ചർച്ചകൾ ഇന്ത്യ ഊർജിതമാക്കി. നിലവിൽ 21 കപ്പലുകളിലായി 611 ഇന്ത്യൻ ജീവനക്കാരാണ് അവിടെയുള്ളത്. നേരത്തെ രണ്ട് എൽപിജി ടാങ്കറുകൾക്ക് ഇറാൻ കടന്നുപോകാൻ അനുമതി നൽകിയിരുന്നു. ബാക്കിയുള്ള കപ്പലുകളുടെ കാര്യത്തിൽ എത്രയും വേഗം തീരുമാനമുണ്ടാക്കാൻ ഇന്ത്യ ഇറാനുമായി ചർച്ച നടത്തുകയാണ്. ഇതിനിടെ, ഇന്ത്യ നൽകിയ മരുന്നുകൾക്ക് ഇറാൻ സർക്കാർ നന്ദി അറിയിച്ചു. ഇറാനിയൻ റെഡ് ക്രോസിനായി കൈമാറിയ മരുന്നുകൾ അതിർത്തി രാജ്യങ്ങൾ വഴി റോഡ് മാർഗമാകും ഇറാനിലെത്തിക്കുക.
അതേസമയം ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്തെ എൽപിജി ഉൽപാദനം 40 ശതമാനം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം പാചകവാതക വിതരണത്തെ ബാധിക്കാതിരിക്കാനാണ് ഈ മുൻകരുതൽ. ഇതിന്റെ ഭാഗമായി പൈപ്പ് വഴിയുള്ള ഗ്യാസ് വിതരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. പിഎൻജി പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതത്തിൽ നിന്ന് 10 ശതമാനം അധികം എൽപിജി നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു.
പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റുമായും കുവൈത്ത് കിരീടാവകാശിയുമായും ടെലിഫോണിൽ ചർച്ച നടത്തി. ഹോർമുസ് വഴിയുള്ള ഊർജ്ജ നീക്കം സുഗമമാക്കുന്ന കാര്യമാണ് പ്രധാനമായും ചർച്ചയായത്. ഇറാൻ തീരത്തുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷയും യാത്രയും സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന സൂചന.
