ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്കേറ്റു, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ബൈക്കിൽ സ്കൂളിലേക്ക് പോകുന്നതിനിടെ കേബിള്‍ പൊട്ടിവീണ് അധ്യാപകന് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. കോട്ടയം കങ്ങഴ സ്വദേശി സജാദ് റഹ്മാൻ (25) ആണ് പരിക്കേറ്റത്. ചുങ്കത്തെ താമസസ്ഥലത്ത് നിന്ന് അധ്യാപകൻ സ്കൂളിലേക്ക് ബൈക്കിൽ പോകുന്നതിനിടെ പാസ്പോർട്ട് ഓഫീസിന് സമീപത്തെത്തിയപ്പോൾ ഇന്റർനെറ്റ് കേബിൾ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങുകയായിരുന്നു.

കഴുത്തിൽ കേബിൾ കുടുങ്ങിയതിന് പിന്നാലെ സജാദ് ഓടിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയും ഇയാൾ റോഡിലേക്ക് വീഴുകയും ചെയ്തു. തൊട്ടു പിന്നാലെ വാഹനത്തിലെത്തിയ സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ സിമി ഷാഫിഖാനാണ് അധ്യാപകനെ ആശുപത്രിയിലെത്തിച്ചത്. പൊട്ടി വീണ കേബിൾ കഴുത്തിൽ പൂർണ്ണമായും ചുറ്റാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

കേബിള്‍ കഴുത്തിൽ തട്ടിയ ഉടനെ താഴെ വീണതിനാല്‍ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കേബിള്‍ കഴുത്തിൽ കുടുങ്ങി ബൈക്ക് മുന്നോട്ട് പോയിരുന്നെങ്കിൽ വലിയ അപകമുണ്ടാകുമായിരുന്നു. റോഡിന്‍റെ ഇരുവശങ്ങളിലായി കേബിളുകൾ താഴ്ന്നുകിടക്കുകയാണ്. പലതും ഉപേക്ഷിച്ച കേബിളുകളാണെന്ന് നാട്ടുകാർ പറഞ്ഞു.

നിരവധി സ്കൂൾ വിദ്യാർഥികളാണ് ദിനംപ്രതി ഈ വഴി യാത്ര ചെയ്യുന്നത്. അഞ്ചോളം സ്കൂളുകളും പ്രദേശത്തുണ്ട്. അതിനാൽ ഇനിയും അപകടങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് നാട്ടുകാർ പ്രതികരിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ അധികാരികളുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മുൻപും സമാനായ രീതിയിൽ കേബിള്‍ കഴുത്തിൽ കുരുങ്ങിയുള്ള അപകടങ്ങൾ പല സ്ഥലങ്ങളിലും റിപ്പോർട് ചെയ്തിട്ടുണ്ട്. റോഡരികില്‍ അലക്ഷ്യമായി കിടക്കുന്ന കേബിളുകള്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാൽനടയാത്രക്കാര്‍ക്കുമാണ് ഏറെ ഭീഷണി ഉയര്‍ത്തുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *