ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന എല്ലാ മീഡിയം-ഹെവി ട്രക്കുകളിലും എസി ക്യാബിന്‍ നിര്‍ബന്ധമാക്കി

ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന എല്ലാ മീഡിയം-ഹെവി ട്രക്കുകളിലും എസി ക്യാബിന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം. ജൂണ്‍ എട്ട് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന എല്ലാ ട്രക്കുകളുടെയും ക്യാബിനില്‍ എസി സംവിധാനം ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ദീര്‍ഘദൂരം യാത്ര ചെയ്യുന്ന ട്രക്കുകളിലെ ഡ്രൈവര്‍മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശമാണ് നടപ്പാക്കാന്‍ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം ട്രക്ക് നിര്‍മാതാക്കളും ഈ നിര്‍ദേശത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, എയര്‍ കണ്ടീഷന്‍ ചെയ്ത ക്യാബിനില്‍ ഒരുങ്ങിയിട്ടുള്ള ട്രക്കുകള്‍ക്ക് വേരിയന്റിന് അനുസരിച്ച് മുന്‍ വിലയെക്കാള്‍ ഒരു ശതമാനം മുതല്‍ 2.5 ശതമാനത്തിന്റെ വരെ വില വര്‍ധനവ് ഉണ്ടാകുമെന്നാണ് വിവരം. ചുരുങ്ങിയ കാലത്തേക്ക് എങ്കിലും വാഹനത്തിന്റെ വില്‍പ്പനയെ ഈ വര്‍ധനവ് സാരമായി ബാധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എസി ക്യാബിനുള്ള വാഹനങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ഗുണകരമാകുമെങ്കിലും വാഹനത്തിന്റെ ഇന്ധനക്ഷമതയിലും കുറവുണ്ടായേക്കുമെന്നും വിലയിരുത്തലുണ്ട്.

അതേസമയം, മികച്ച ഡ്രൈവിങ് ശീലത്തിലൂടെ ഇത് മറികടക്കാനാകുമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഇന്ത്യയിലെ ഹെവി വാഹന വിപണിയുടെ മേധാവിത്വം അലങ്കരിക്കുന്ന ടാറ്റ മോട്ടോഴ്‌സ്, മീഡിയം-ഹെവി ട്രക്കുകളുടെ ക്യാബിനുകളില്‍ ഇതിനോടകം തന്നെ എയര്‍ കണ്ടീഷന്‍ സംവിധാനം നല്‍കിയതായാണ് വിവരം. വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന എന്‍-2, എന്‍-3 ട്രക്കുകളിലെ ഡ്രൈവര്‍മാരുടെ കാബിനുകളില്‍ 2025 ഒക്ടോബര്‍ ഒന്നുമുതല്‍ എ.സി. നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുമ്പുതന്നെ അറിയിച്ചിരുന്നു. 2025 ഒക്ടോബര്‍ ഒന്നിനുശേഷം നിര്‍മിക്കുന്ന എല്ലാ എന്‍-2, എന്‍-3 ട്രക്കുകളും കാബിന്‍ എസി ഘടിപ്പിച്ച് ഐ.എസ്.ഐ. പരിശോധന പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

ക്യാബിനുകള്‍ ഉറപ്പാക്കുന്നതിലൂടെ മെച്ചപ്പെട്ട റോഡ് സുരക്ഷയും ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിഗമനം. റോഡ്‌സുരക്ഷ ഉറപ്പാക്കുന്നതില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അവരുടെ തൊഴിലന്തരീക്ഷം മെച്ചപ്പെട്ടതാക്കാനുള്ള സുപ്രധാന തീരുമാനമാണിതെന്നും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു. ഡ്രൈവര്‍മാരുടെ ആരോഗ്യത്തിന് പോലും ഈ തീരുമാനം വലിയ മുതല്‍ക്കൂട്ടാവുമെന്നാണ് കണക്കാക്കുന്നത്.

ദീര്‍ഘദൂരയാത്രകളില്‍ കാബിനിലെ ചൂടും ദുരിതവും കാരണം പ്രയാസപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് ഏറെ സഹായകരമായ തീരുമാനമാണിത്. കടുത്ത ചൂടിലും ഡ്രൈവര്‍മാര്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് കണ്ടെത്തിയാണ് നിര്‍ദേശം നല്‍കിയത്. ലോറികളില്‍ ഉള്‍പ്പെടെ എസി. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് വിലയിരുത്തലുകള്‍.

More From Author

Leave a Reply

Your email address will not be published. Required fields are marked *