ഇനി ആമസോണ്‍ പാഴ്സലുകള്‍ ഇനി റോബോട്ടുകള്‍ ഡെലിവറി ചെയ്യും

പഭോക്താക്കള്‍ക്ക് പാഴ്സലുകള്‍ എത്തിച്ചു നല്‍കുന്ന കാര്യത്തില്‍ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ആമസോണ്‍. ഹ്യൂമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ചാവും ഭാവിയില്‍ ആമസോണ്‍ പാഴ്സലുകള്‍ എത്തിക്കുക. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തില്‍ എഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് കമ്പനിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

മനുഷ്യരൂപവും ചലനങ്ങളുമുള്ള ഈ റോബോട്ടുകള്‍ ഭാവിയില്‍ ആമസോണിന്റെ ലാസ്റ്റ്-മൈല്‍’ഡെലിവറി സംവിധാനത്തിന്റെ ഭാഗമാവുകയും പാഴ്സലുകള്‍ വീട്ടുവാതില്‍ക്കല്‍ എത്തിക്കുകയും ചെയ്തേക്കാം. ഈ റോബോട്ടുകളെ നിയന്ത്രിക്കുന്ന സോഫ്‌റ്റ്വെയര്‍ ആമസോണ്‍ ആണ് വികസിപ്പിക്കുന്നത്. യന്ത്രങ്ങള്‍ മറ്റ് റോബോട്ടിക്സ് കമ്പനികള്‍ നല്‍കും. ‘ഹ്യൂമനോയിഡ് പാര്‍ക്ക്’ എന്ന് വിളിക്കപ്പെടുന്ന ഇന്‍ഡോര്‍ ടെസ്റ്റ് ഏരിയ യഥാര്‍ഥ ലോകത്തിലെ വെല്ലുവിളികളെ (പടികള്‍, ഇടുങ്ങിയ വഴികള്‍, വാതിലുകള്‍ എന്നിവ) പുനസൃഷ്ടിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ദൈനംദിന ഡെലിവറി സാഹചര്യങ്ങളില്‍ റോബോട്ടുകള്‍ക്ക് എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.

വെയര്‍ഹൗസുകളില്‍ ആമസോണ്‍ 2020 മുതല്‍ ട്രാന്‍സ്‌ഫോര്‍മര്‍ അടിസ്ഥാനമാക്കിയുള്ള എഐ മോഡലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. ഈ മോഡലുകള്‍ ആമസോണിന്റെ ഫുള്‍ഫില്‍മെന്റ് സെന്ററുകളില്‍ നിലവില്‍ ഉപയോഗിക്കുന്ന റോബോട്ടുകളെയും നിയന്ത്രിക്കുന്നുണ്ട്. അവ പരസ്പരം കൂട്ടിയിടിക്കാതെ നിയന്ത്രിക്കുക അടക്കമുള്ളവയാണ് ചെയ്യുന്നത്. 2021 നും 2023 നും ഇടയില്‍, അവരുടെ വെയര്‍ഹൗസുകളിലെ റോബോട്ടുകളുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിച്ചു. ഓട്ടോമേഷന്‍ അവരുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായി മാറുന്നു എന്നതിനെ അടിവരയിടുന്നതാണിത്.

എന്നാല്‍, ഈ മാറ്റം ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. ഓട്ടോമേഷന്‍ വ്യാപകമാകുമ്പോള്‍ അത് മനുഷ്യരുടെ ജോലികള്‍ ഇല്ലാതാക്കിയേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനറേറ്റീവ് എഐ സിസ്റ്റങ്ങളുടെ ഊര്‍ജ്ജ ഉപഭോഗത്തെക്കുറിച്ചും ആശങ്ക വര്‍ദ്ധിക്കുന്നുണ്ട്. ഇവ ആമസോണിന്റെ പാരിസ്ഥിതിക ആഘാതം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നിരുന്നാലും, ഇ-കൊമേഴ്‌സിന്റെ ഭാവിയുടെ താക്കോല്‍ സാങ്കേതികവിദ്യയാണെന്ന് ആമസോണ്‍ ഉറച്ചു വിശ്വസിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഹ്യൂമനോയിഡ് റോബോട്ടുകള്‍ ഡെലിവറിയുടെ ഭാഗമാവുകയാണെങ്കില്‍ ഓര്‍ഡറുകള്‍ എത്ര വേഗത്തിലും ഏത് രീതിയിലുമാണ് ലഭിക്കും എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

More From Author

Leave a Reply

Your email address will not be published. Required fields are marked *