Home » Blog » kerala Max » “ഇനിയൊരിക്കലും അവരെ കൊണ്ടുവരരുത്”; വിരാട് കോലിയും അനുഷ്കയും എത്തിയപ്പോൾ റസ്റ്ററന്റ് ഉടമയ്ക്ക് കിട്ടിയ ആ താക്കീത്!
IMG_20260508_185449_resize

ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും മുൻപ് ബംഗളൂരുവിലെ പ്രശസ്തമായ ഒരു റസ്റ്ററന്റിൽ എത്തിയത് നഗരത്തിൽ വലിയ ചർച്ചയായിരുന്നു. അന്ന് താരങ്ങളെ കാണാൻ ആരാധകർ തടിച്ചുകൂടിയതോടെ പ്രദേശത്തെ ട്രാഫിക് പൂർണ്ണമായും തടസ്സപ്പെട്ട സംഭവം റസ്റ്റോറന്റ് ഉടമ അടുത്തിടെ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. ബംഗളൂരുവിലെ പ്രശസ്‌തമായ സെൻട്രൽ ടിഫിൻ റൂം ഡയറക്ടർ ഗണേഷ് പൂജാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘രണ്ട് കാറുകളിലായി അവർ ദൂരെയുള്ള ഒരു കോർണറിൽ എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് എനിക്ക് അവസാന നിമിഷം ഒരു കോൾ ലഭിച്ചു. അപ്പോഴും അത് സത്യമായിരിക്കില്ല എന്നാണ് ഞാൻ കരുതിയത്. തൊട്ടുപിന്നാലെ രണ്ട് കാറുകൾ റസ്റ്ററന്റിന്റെ എൻട്രൻസിനു മുന്നിലെത്തി. ഞങ്ങൾ അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി. അവർ കുടുംബത്തോടൊപ്പമാണ് വന്നത്’- അദ്ദേഹം പറഞ്ഞു.

കോളേജ് കാലഘട്ടത്തിലെ സ്ഥിരം സ്പോട്ട് തേടിയാണ് അനുഷ്ക റസ്റ്റോറൻന്റിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ‘അവസാനമായി എപ്പോഴാണ് ഇവിടെ വന്നതെന്ന് ഓർമയില്ല. കുറച്ചുകാലം മുൻപായിരുന്നു. ഇപ്പോൾ ഭർത്താവിനും കുടുംബത്തിനുമൊപ്പമാണ് വന്നിരിക്കുന്നത്’-സമയപരിമിതിയുണ്ടെങ്കിലും കുടുംബത്തോടൊപ്പം പോന്നതാണെന്നും അനുഷ്‌ക പറഞ്ഞതായി അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. താരങ്ങൾ റസ്റ്റോറൻ്റിൽ ഉണ്ടെന്ന വാർത്ത പരന്നതോടെ പുറത്ത് വലിയ ജനക്കൂട്ടം നിറഞ്ഞു. താരദമ്പതികൾ കഴിച്ചിറങ്ങുന്നത് കാത്ത് ആൾക്കൂട്ടം പുറത്ത് കാത്തുനിൽക്കുകയായിരുന്നുവെന്നും വാതിൽ തുറന്നപ്പോൾ അവർക്ക് കാറിനുള്ളിലേക്ക് കയറാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്ന് ഭാവിയിൽ ഹൈ-പ്രൊഫൈൽ വ്യക്തികൾ സന്ദർശിക്കുമ്പോൾ മുൻകൂട്ടി വിവരമറിയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിന്ന് റസ്റ്റോറന്റ് മാനേജ്മെന്റിന് കോൾ വന്നു. 2023-ലായിരുന്നു അനുഷ്കയും കോലിയും സെൻട്രൽ ടിഫിൻ റൂമിലെത്തിയത്.

ബംഗളൂരു മല്ലേശ്വരത്തെ ഐതിഹാസിക ഭക്ഷണശാലയാണ് സെൻട്രൽ ടിഫിൻ റൂം. 1920-കളിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് ശ്രീ സാഗർ എന്നും അറിയപ്പെടുന്നു. ഇവിടുത്തെ ബെന ദോശ (ബട്ടർ ദോശ) കഴിക്കാൻ മറ്റുസംസ്ഥാനങ്ങളിൽ നിന്നുവരെ ആളുകളെത്താറുണ്ട്. പഴയ ബംഗളൂരുവിന്റെ്റെ തനിമയും രുചിയും ചോരാതെ സൂക്ഷിക്കുന്ന സിടിആർ നഗരത്തിലെ പ്രധാന ലാൻഡ്മ‌ാർക്കുകളിൽ ഒന്നാണ്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ഒരുപോലെ ഇഷ്ട‌പ്പെടുന്ന റസ്റ്റോറന്റ് ബംഗളൂരുവിന്റെ ഭക്ഷണസംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ്.