കേരളത്തിലെ ജനങ്ങൾ തന്നെ ഏൽപ്പിച്ചിരിക്കുന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും, ഈ നിയോഗത്തെ ഒരു ദൈവീക നിശ്ചയമായി കാണുന്നുവെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്ത പാർട്ടി നേതൃത്വത്തോടും ടീം യുഡിഎഫിനോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇതൊരു വ്യക്തിപരമായ വിജയമല്ലെന്നും മറിച്ച് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എപ്പോഴും തന്റെ നേതാവായിരിക്കുമെന്നും, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും കേരളത്തെ അടിമുടി മാറ്റിയെടുക്കുന്നതിനും വേണ്ടി കഠിനാധ്വാനം ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
