Home » Blog » Kerala » ഇതുവരെ ഭാഗമായത് എൺപതോളം സിനിമകളിൽ; പത്താം വാർഷികം ആഘോഷമാക്കി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി
2

ചലച്ചിത്ര നിർമ്മാണ കമ്പനിയായ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പത്താം വാർഷികം ആഘോഷിച്ചു. സംവിധായകൻ നിർമൽ ബേബി വർഗീസ് 2016-ൽ ആരംഭിച്ച ചലച്ചിത്ര നിർമ്മാണ-വിതരണ കമ്പനിയാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി. ഇതിനകം മലയാളം, തമിഴ്, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി എൺപതോളം സിനിമകളുടെ ഭാഗമായിക്കഴിഞ്ഞു കാസാബ്ലാങ്കാ ഫിലിം ഫാക്ടറി.

“കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ 10 വർഷങ്ങൾ. 2016-ൽ ഒന്നുമില്ലായ്മയിൽ നിന്ന് ഒറ്റയ്ക്ക് ആരംഭിച്ച യാത്ര ഇന്ന് എൺപതോളം പ്രോജക്ടുകളിലേക്ക് എത്തിയിരിക്കുന്നു. എണ്ണമറ്റ ഓർമ്മകളും വെല്ലുവിളികളും, ഒപ്പം ഈ യാത്രയുടെ ഭാഗമായ ഒരുപാട് നല്ല മനുഷ്യരും. ഇതുവരെ കൂടെ നിന്ന എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്.” എന്ന് സ്ഥാപകനും സിഇഒയുമായ നിർമൽ ബേബി വർഗീസ് വാർഷികഘോഷ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെയ്ക്കുന്നതിനോടൊപ്പം കൂട്ടിച്ചേർത്തു.

2016 നിർമൽ സംവിധാനം ചെയ്ത മിറർ ഓഫ് റിയാലിറ്റി, മാറ്റം ദി ചേഞ്ച് എന്നീ രണ്ട് ഹൃസ്വ ചിത്രങ്ങളാണ് ഈ ബാനറിൽ നിർമ്മിച്ച ആദ്യ ചലച്ചിത്രങ്ങൾ. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം ഉൾപ്പടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ തരിയോട് എന്ന ചരിത്ര ഡോക്യൂമെന്ററി ചലച്ചിത്രത്തിലൂടെയാണ് കമ്പനി കൂടുതൽ ശ്രദ്ധ നേടുന്നത്.

തുടർന്ന് 2022 ൽ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടജ് സിനിമയായ ‘വഴിയെ’ നിർമ്മിച്ചുകൊണ്ട് വാണിജ്യ സിനിമകളിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസാണ് ഈ ചിത്രത്തിന്റെ സംഗീതമൊരുക്കിയത്. പിന്നീട്  ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് (2024) എന്ന ടൈം ലൂപ്പ് ചിത്രവും, 2025 ൽ ‘അന്തിമ ക്ഷണഗളു’ (കന്നഡ), എലിയന്‍ ജെനസിസ്: ബിയോണ്ട് ദ സ്റ്റാർസ് (ഇംഗ്ലീഷ്) എന്നീ ചിത്രങ്ങളും നിർമ്മിച്ചു.

ഡോക്യുമെന്ററികൾ, ഫീച്ചർ സിനിമകൾ എന്നിവയുടെ നിർമ്മാണത്തിനൊപ്പം പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമകൾ വിതരണം ചെയ്യുന്നതിലും കമ്പനി സജീവമാണ്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് ഇതിനകം ഡിജിറ്റൽ ഡിസ്ട്രിബൂഷനിലൂടെ പ്രേക്ഷകർക്കിടയിലെത്തിച്ചിരിക്കുന്നത്.

തമിഴ് ചിത്രങ്ങളായ ഇരവിൻ വിഴികൾ, തടൈ അതൈ ഉടൈ, തൊലൈവിൽ ഒരു കാതൽ, യോളോ, മൈലാഞ്ചി, പ്രോമിസ്, കന്നഡ ചിത്രങ്ങളായ ഒബ്ബട്ടു, അപ്പാ ഐ ലവ് യു, നിംബിയ ബന്ധ മ്യാഗ പേജ് 1, രാജദ്രോഹി, വിക്കിപീഡിയ, നെനപ്പുഗള മാട്ടു മധുര, അത്യുത്തമ, സൂര്യ: പവർ ഓഫ് ലവ്, യദ്ഭവം തദ്ഭവതി, ദൈവ, നമ്മ ഭാരത, ആ ഒണ്ടു നോട്ടു, അംബാസഡർ, തുടങ്ങിയവയാണ് വിതരണം ചെയ്ത സിനിമകൾ. ഹിന്ദി കോമഡി സീരീസ് ‘ചുനാവി ചക്കർ’ ഡിഷ് ടി. വി. വാച്ചോയിലൂടെ പ്രേക്ഷകരിലേക്കെത്തിച്ചതും കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയാണ്.

ഇവ കൂടാതെ ‘എ ട്രിപ്പ് ഡൗൺ മാർക്കറ്റ് സ്ട്രീറ്റ്’ (1906), ‘സാൻ ഫ്രാൻസിസ്കോ എർത്ത്‌ക്വേക്ക് & ഫയർ: ഏപ്രിൽ 18, 1906’ (1906), ‘ഹോമേഴ്‌സ് ഒഡീസി’ (1911), ‘ദി കിഡ്’ (1921), ‘ഷെർലക് ഹോംസ്’ (1922), ‘ദി ലോസ്റ്റ് വേൾഡ്’ (1925), ‘ബെക്കി ഷാർപ്പ്’ (1935), ‘മാസ്റ്റർ ഹാൻഡ്സ്’ (1936), ‘ചൈൽഡ് ബ്രൈഡ്’ (1938), ‘ദി മിഡിൽട്ടൺ ഫാമിലി അറ്റ് ദി ന്യൂയോർക്ക് വേൾഡ്സ് ഫെയർ’ (1939), ‘ദി മെംഫിസ് ബെൽ: എ സ്റ്റോറി ഓഫ് എ ഫ്ലയിംഗ് ഫോർട്രസ്’ (1944), ‘ഡക്ക് ആൻഡ് കവർ’ (1952), ‘ഓൾ മൈ ബേബീസ്: എ മിഡ്‌വൈഫ്‌സ് ഓൺ സ്റ്റോറി’ (1953), ‘ലാസ്റ്റ് വുമൺ ഓൺ എർത്ത്’ (1960), ഡിമെൻഷ്യ 13 (1963), ദി ലാസ്റ്റ് മാൻ ഓൺ എർത്ത് (1964), മാനോസ്: ദി ഹാൻഡ്സ് ഓഫ് ഫേറ്റ് (1966), നൈറ്റ് ഓഫ് ദ ലിവിംഗ് ഡെഡ് (1968) എന്നീ ഹോളിവുഡ് ക്ലാസിക് ചിത്രങ്ങളുടെ പുതിയ കളർ പതിപ്പുകളും കാസാബ്ലാങ്കാ ഫിലിം ഫാക്ടറി പ്രേക്ഷകരിലേയ്ക്ക് എത്തിച്ചു.

സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ്, കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറർ ഫിലിം ഫെസ്റ്റിവൽ, കാസബ്ലാങ്ക ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റ്, വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് തുടങ്ങിയ ചലച്ചിത്ര മേളകളും കമ്പനി സംഘടിപ്പിക്കുന്നുണ്ട്.

സ്റ്റോണ്, ദ മാന്‍ ഫ്രം ഹോങ്കോങ്, ഐറിഷ് മാന്‍, മാഡ് മാക്സ് എന്ന സിനിമകളിലൂടെ പ്രശസ്തനായ ഓസ്‌ട്രേലിയൻ ഇതിഹാസ താരം റോജർ വാർഡ് ഭാഗമാകുന്ന മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ‘ഡിസീസ് എക്സ്: ദി സോംബി എക്സ്പിരിമെന്റ്’ എന്ന സിനിമയാണ് കമ്പനിയുടെ അടുത്ത നിർമ്മാണ ചിത്രം.

ഹോളിവുഡിൽ നിന്നടക്കമുള്ള അഭിനേതാക്കളും, ടെക്‌നീഷ്യന്മാരും, നിർമ്മാണ കമ്പനികളും ഭാഗമാകുന്ന ‘തരിയോട്’ എന്ന ഡോക്യൂമെന്ററി സിനിമാറ്റിക് റീമേക്ക് കൂടിയായ ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന ചരിത്ര സിനിമ കമ്പനിയുടെ അന്താരാഷ്ട്ര സഹകരണത്തോടെ ഒരുങ്ങുന്ന മറ്റൊരു പ്രധാന പദ്ധതികളിലൊന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *