സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് പരാജയപ്പെട്ടതിന് പിന്നാലെ, ഓപ്പണർ കെ.എൽ. രാഹുലിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. 243 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുമ്പോൾ രാഹുൽ കാണിച്ച മെല്ലെപ്പോക്ക് സമീപനമാണ് ചോപ്രയെ പ്രകോപിപ്പിച്ചത്.
മത്സരത്തിൽ 23 പന്തിൽ നിന്ന് 37 റൺസെടുത്താണ് രാഹുൽ പുറത്തായത്. മൂന്ന് സിക്സറുകളും ഒരു ഫോറും താരം നേടിയെങ്കിലും, ഇത്രയും വലിയ സ്കോർ പിന്തുടരുമ്പോൾ വേണ്ട ആക്രമണോത്സുകത രാഹുലിന്റെ ബാറ്റിങ്ങിൽ ഉണ്ടായിരുന്നില്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. “240-ന് മുകളിൽ സ്കോർ പിന്തുടരുമ്പോൾ പവർപ്ലേ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ 99.5 ശതമാനം കളിയും തോറ്റുകഴിഞ്ഞു. ഒരു പർവതമാണ് കയറാനുള്ളതെന്ന് അറിഞ്ഞിട്ടും അതിനുള്ള ദൃഢനിശ്ചയം രാഹുലിന്റെ ഭാഗത്തുനിന്ന് കണ്ടില്ല,” ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
ബാറ്റിങ്ങിന് പുറമെ രാഹുലിന്റെ വിക്കറ്റ് കീപ്പിങ്ങിനെയും ചോപ്ര വിമർശിച്ചു. ഹൈദരാബാദ് താരം അഭിഷേക് ശർമയെ പുറത്താക്കാനുള്ള അവസരം രാഹുൽ പാഴാക്കിയത് മത്സരത്തിൽ നിർണ്ണായകമായി. രാഹുൽ ഒരു ‘വിക്കറ്റ് കീപ്പർ ബാറ്റർ’ അല്ലെന്നും മറിച്ച് ‘വിക്കറ്റ് കീപ്പിങ് ചെയ്യുന്ന ബാറ്റർ’ മാത്രമാണെന്നും ചോപ്ര പരിഹസിച്ചു. ഒരു കീപ്പർ ആദ്യം ശ്രദ്ധിക്കേണ്ടത് കീപ്പിങ്ങിലാണെന്നും അവിടെ പിഴവുകൾ വരുത്തിയാൽ ബാറ്റിങ്ങിൽ എന്തുചെയ്തിട്ടും കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിൽ ഹൈദരാബാദ് 47 റൺസിനാണ് ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയത്.
