Home » Blog » kerala Max » ഇഡി ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസ്: കുറ്റപത്രം അടിയന്തരമായി സമർപ്പിക്കാൻ നീക്കം
ed-680x450

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം അതിവേഗം സമർപ്പിക്കാനൊരുങ്ങി പൊലീസ്. റിമാൻഡ് കാലാവധി പൂർത്തിയാകുന്നതിന് മുൻപായി ഒരു മാസത്തിനുള്ളിൽ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിന്റെ അന്വേഷണച്ചുമതല എസിപിക്ക് കൈമാറി. സംഭവത്തിൽ ഇനിയും പത്തോളം പ്രതികൾ പിടിയിലാകാനുണ്ടെന്നും അവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗവുമായ വിജയ് വിമലിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വീട്ടിൽ കയറിയാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി ഉയർന്നു. കേരള സർവകലാശാല യൂണിയൻ മുൻ ചെയർമാൻ കൂടിയാണ് വിജയ് വിമൽ.

എന്നാൽ, വിജയ് വിമൽ സംഭവത്തിൽ പങ്കാളിയായിരുന്നില്ലെന്നും അധ്യയനവർഷം തുടങ്ങാനിരിക്കെ വിദ്യാർത്ഥി നേതാക്കളെ ജയിലിലടയ്ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് പൊലീസിന്റേതെന്നും എസ്എഫ്ഐ ആരോപിച്ചു. അറസ്റ്റ് സമയത്ത് വീട്ടിലെ സ്ത്രീകളെയും കുട്ടികളെയും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും സംഘടന ആരോപിക്കുന്നു.

ഇഡി ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണം ആസൂത്രിതമായ രാഷ്ട്രീയ നീക്കമാണെന്നും ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഉദ്യോഗസ്ഥർക്ക് മാനസികാഘാതം ഏൽപ്പിച്ചതും പൊതുമുതൽ നശിപ്പിച്ചതും സമൂഹത്തെ ഗൗരവമായി ബാധിക്കുന്ന അപൂർവ്വമായ സംഭവമാണെന്ന് വിലയിരുത്തിയാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. നിഥിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ തുടങ്ങിയ ആദ്യഘട്ടത്തിൽ അറസ്റ്റിലായ അഞ്ച് പേർക്കും കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു.