ഇം​ഗ്ലണ്ട് ക്രിക്കറ്റിൽ 7,000 റൺസ് പിന്നിട്ട ആദ്യ താരം; ചരിത്ര നേട്ടവുമായി ജോ റൂട്ട്

രിത്ര നേട്ടവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോ റൂട്ട്. ഇം​ഗ്ലണ്ട് ക്രിക്കറ്റിൽ 7,000 റൺസ് നേടുന്ന ആദ്യ താരമായി ജോ റൂട്ട് മാറി. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറി നേട്ടത്തോടെയാണ് ജോ റൂട്ട് ഈ നേട്ടം സ്വന്തമാക്കിയത്. 139 പന്തിൽ 21 ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 166 റൺസാണ് ജോ റൂട്ട് നേടിയത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ആകെ 179 മത്സരങ്ങളിൽ നിന്ന് 7,082 റൺസായി ജോ റൂട്ടിന്റെ സമ്പാദ്യം.

ജോ റൂട്ടിന്റെ പ്രകടനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ആവേശകരമായ വിജയം നേടാനും ഇം​ഗ്ലണ്ടിന് കഴിഞ്ഞു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 47.4 ഓവറിൽ 308 റൺസിൽ ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ 48.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇം​ഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇം​ഗ്ലണ്ട് സ്വന്തമാക്കി. നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇം​ഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

കീസി കാർത്തിയുടെ സെഞ്ച്വറിയാണ് വിൻഡീസ് ഇന്നിങ്സിന്റെ ഹൈലൈറ്റ്സ്. 105 പന്തിൽ 13 ഫോറുകളടക്കം 103 റൺസാണ് താരം നേടിയത്. 59 റൺസെടുത്ത ബ്രണ്ടൻ കിങ് രണ്ടാം വിക്കറ്റിൽ കീസി കാർത്തിക്ക് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ‌ 146 റൺസ് പിറന്നു. പിന്നാലെ വന്നവരിൽ ക്യാപ്റ്റൻ ഷായി ഹോപ്പ് 66 പന്തിൽ നാല് ഫോറും നാല് സിക്സറും സഹിതം 78 റൺസും നേടി. എന്നാൽ മറ്റാർക്കും തിളങ്ങാൻ സാധിക്കാതിരുന്നത് വിൻഡീസ് സ്കോർ 308ൽ ഒതുങ്ങുന്നതിന് കാരണമായി. ഇം​ഗ്ലണ്ടിനായി സ്പിന്നർ ആദിൽ റാഷിദ് നാല് വിക്കറ്റുകൾ വീഴ്ത്തി.

അതേസമയം മറുപടി ബാറ്റിങ്ങിൽ ഇം​ഗ്ലണ്ടിനും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. റൺസെടുക്കാതെ ഓപണർമാരായ ജാമി സ്മിത്തും ബെൻ ഡക്കറ്റും പുറത്തായപ്പോൾ ഇം​ഗ്ലണ്ട് സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ രണ്ട് റൺസ് മാത്രമായിരുന്നു. പിന്നാലെ ക്രീസിലെത്തിയ ജോ റൂട്ടിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ഇം​ഗ്ലണ്ടിനെ വിജയത്തിലേക്കെത്തിച്ചത്. 139 പന്തിൽ 21 ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 166 റൺസെടുത്ത ജോ റൂട്ടിന്റെ ഇന്നിങ്സാണ് ഇം​ഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. ക്യാപ്റ്റൻ ഹാരി ബ്രൂക് 43 റൺസും വിൽ ജാക്സ് 49 റൺസും സംഭാവന ചെയ്തു. വെസ്റ്റ് ഇൻഡീസിനായി പേസർ അൽസാരി ജോസഫ് നാല് വിക്കറ്റുകൾ സ്വന്തമാക്കി.

More From Author

Leave a Reply

Your email address will not be published. Required fields are marked *