Home » Blog » kerala Mex » ആ താരത്തിന്റെ വരവോടെ ധോണിയുടെ പിൻഗാമിക്കായുള്ള ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ കാത്തിരിപ്പ് അവസാനിച്ചു: അനിൽ കുംബ്ലെ
a66942e02976b18f5293fcdd17c1f7e6ed3ba964dc033398e09b00cca7bc45e8.0

ഐപിഎല്ലിൽ എം.എസ്. ധോണിയുടെ പിൻഗാമിക്കായുള്ള ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ദീർഘകാലത്തെ കാത്തിരിപ്പ് സഞ്ജു സാംസണിന്റെ വരവോടെ അവസാനിച്ചുവെന്ന് ഇന്ത്യൻ മുൻ നായകൻ അനിൽ കുംബ്ലെ. ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായെത്തുന്ന സഞ്ജുവിന് ധോണിക്ക് ശേഷം ചെന്നൈയെ നയിക്കാൻ കഴിയുമെന്നും കുംബ്ലെ നിരീക്ഷിച്ചു. ചെന്നൈ സൂപ്പർ കിംഗ്‌സ് എന്നാൽ മഹേന്ദ്ര സിംഗ് ധോണിയാണെന്നിരിക്കെ, അദ്ദേഹത്തിനപ്പുറത്തേക്ക് ചിന്തിക്കാൻ ടീമിനെ പ്രേരിപ്പിക്കുന്നത് സഞ്ജുവിന്റെ സാന്നിധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഞ്ജുവിനെപ്പോലൊരു താരത്തിന് വേണ്ടിയാണ് സിഎസ്‌കെ ഇത്രയും കാലം കാത്തിരുന്നതെന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവിലിയേഴ്‌സും അഭിപ്രായപ്പെട്ടു. മുൻപ് രവീന്ദ്ര ജഡേജയ്ക്കും റുതുരാജ് ഗെയ്ക്‌വാദിനും നായകസ്ഥാനം കൈമാറിയപ്പോഴും പ്രതിസന്ധി ഘട്ടങ്ങളിൽ ധോണിക്ക് തന്നെ ടീമിനെ നയിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇനിയൊരു സാഹചര്യം വന്നാൽ ടീമിനെ നയിക്കാൻ സഞ്ജു പ്രാപ്തനാണെന്നാണ് വിലയിരുത്തൽ. അതേസമയം, ധോണിയുടെ സാന്നിധ്യം ചെന്നൈയ്ക്ക് ഇപ്പോഴും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹത്തിൽ നിന്ന് സഞ്ജുവിന് ഇനിയും ഏറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ഡിവിലിയേഴ്‌സ് ഓർമ്മിപ്പിച്ചു.

രാജസ്ഥാൻ റോയൽസിൽ നിന്ന് ട്രേഡിംഗിലൂടെ ചെന്നൈയിലെത്തിയ സഞ്ജുവിന് വമ്പൻ സ്വീകരണമാണ് ടീം ഒരുക്കിയിരിക്കുന്നത്. ഐപിഎല്ലിൽ 177 മത്സരങ്ങളിൽ നിന്നായി മൂന്ന് സെഞ്ചറികളടക്കം 4704 റൺസ് സഞ്ജുവിന്റെ പേരിലുണ്ട്. ചെന്നൈയിൽ ടീമിന്റെ പരിശീലന ക്യാമ്പ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. സഞ്ജുവിനൊപ്പം ലോകകപ്പ് ജേതാവായ ശിവം ദുബെയും ഉടൻ തന്നെ ക്യാമ്പിൽ ചേരും. സഞ്ജുവിന്റെ ബാറ്റിംഗിലും നായകമികവിലും വലിയ പ്രതീക്ഷയോടെയാണ് ചെന്നൈ ആരാധകർ പുതിയ സീസണെ നോക്കിക്കാണുന്നത്.