പിഎം കെയേഴ്‌സ് ഫണ്ട്, പിഎം നാഷണൽ റിലീഫ് ഫണ്ട്, നാഷണൽ ഡിഫൻസ് ഫണ്ട് എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ലോക്സഭയിൽ കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ജനുവരി 30-ന് ലോക്സഭാ സെക്രട്ടേറിയറ്റിന് ഔദ്യോഗിക നിർദേശം നൽകി. ലോക്സഭാ ചട്ടങ്ങളിലെ 41(2) (viii), 41(2)(xvii) വകുപ്പുകൾ പ്രകാരം ഈ ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ അനുവദിക്കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. രാജ്യത്തിന്റെ സഞ്ചിത നിധിയിൽ നിന്നല്ല ഈ ഫണ്ടുകളിലേക്ക് പണം എത്തുന്നതെന്നും, പൂർണ്ണമായും വ്യക്തികളുടെയും സംഘടനകളുടെയും സംഭാവനകളാണ് ഇതിലുള്ളതെന്നുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 മാർച്ച് 28-നാണ് പിഎം കെയേഴ്‌സ് ഫണ്ട് രൂപീകരിച്ചത്. പ്രധാനമന്ത്രി എക്സ് ഒഫീഷ്യോ ചെയർമാനായ ഈ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന് ലഭിക്കുന്ന വിദേശ സംഭാവനകളെ എഫ്‌സിആർഎ വ്യവസ്ഥകളിൽ നിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. കൂടാതെ, ഫണ്ടിന്റെ കണക്കുകൾ സിഎജി ഓഡിറ്റിംഗിന് വിധേയമാക്കാത്തതും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്തതും നേരത്തെ തന്നെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പാർലമെന്റിൽ കൂടി ചോദ്യങ്ങൾ വിലക്കിയതോടെ ഫണ്ടിന്റെ സുതാര്യതയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്.
ദുരന്തസമയങ്ങളിലും പൊതുജനാരോഗ്യ അടിയന്തരാവസ്ഥകളിലും പെട്ടെന്ന് സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പിഎം കെയേഴ്‌സ് ആരംഭിച്ചതെങ്കിലും, ഇതിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ചിലവുകളെക്കുറിച്ചും അറിയാനുള്ള എല്ലാ വാതിലുകളും ഇതോടെ അടയുകയാണ്. സുതാര്യത ഉറപ്പാക്കണമെന്ന് പ്രതിപക്ഷം കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും, സർക്കാർ നിശ്ചയിച്ച പ്രത്യേക ഓഡിറ്റർമാർ മാത്രമാണ് നിലവിൽ ഈ കണക്കുകൾ പരിശോധിക്കുന്നത്. പാർലമെന്റിലെ ഈ പുതിയ നിയന്ത്രണം വരാനിരിക്കുന്ന സമ്മേളനങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായേക്കും.
