ടി20 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം ജന്മനാടായ തിരുവനന്തപുരത്തെത്തിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ തന്റെ മനസ്സ് തുറന്നു. ലോകകപ്പിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട പ്രകടനം വിൻഡീസിനെതിരായ ഇന്നിങ്സായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. ഫൈനലിലടക്കം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചുവെങ്കിലും, ഒരുവശത്ത് വിക്കറ്റുകൾ തുടർച്ചയായി വീഴുമ്പോൾ ടീമിനെ സുരക്ഷിതമായി മുന്നോട്ട് നയിക്കാൻ കഴിഞ്ഞ ആ ഇന്നിങ്സ് തനിക്ക് ഏറെ സ്പെഷ്യലാണെന്ന് സഞ്ജു പറഞ്ഞു.
തന്റെ കരിയറിലെ പ്രതിസന്ധികളെക്കുറിച്ചും സഞ്ജു വാർത്താസമ്മേളനത്തിൽ സംസാരിച്ചു. ന്യൂസിലാൻഡ് പരമ്പരയ്ക്ക് ശേഷം മാനസികമായി തകർന്ന നിമിഷങ്ങൾ ഉണ്ടായിരുന്നുവെന്നും ആ സമയത്ത് ഫോൺ ഓഫാക്കി സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നാണ് താൻ തിരിച്ചുവന്നതെന്നും താരം പറഞ്ഞു. വിജയങ്ങളേക്കാൾ കൂടുതൽ തോൽവികളാണ് കരിയറിൽ ലഭിച്ചിട്ടുള്ളതെന്നും എന്നാൽ ഓരോ തോൽവിയിൽ നിന്നുമാണ് താൻ വലിയ പാഠങ്ങൾ ഉൾക്കൊണ്ടതെന്നും സഞ്ജു കൂട്ടിച്ചേർത്തു.
ഐപിഎൽ പുതിയ സീസണിലെ കൂടുമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും താരം മറുപടി നൽകി. വർഷങ്ങളോളം ഒപ്പമുണ്ടായിരുന്ന രാജസ്ഥാൻ റോയൽസിനെതിരെ ആദ്യമായി കളിക്കാൻ പോകുന്നതിന്റെ ആകാംക്ഷ സഞ്ജു പങ്കുവെച്ചു. ചെന്നൈ സൂപ്പർ കിങ്സിനൊപ്പമുള്ള പുതിയ യാത്രയെ ഏറെ സന്തോഷത്തോടെയാണ് കാണുന്നതെന്നും സഞ്ജു തിരുവനന്തപുരത്ത് പറഞ്ഞു.
