Home » Blog » kerala Max » ആവേശമായി സക്സസ് ടീസർ; വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ 50 കോടി ക്ലബ്ബിൽ
THUDAKAM--680x450

വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ തിയേറ്ററുകളിൽ മികച്ച വിജയവും പ്രേക്ഷകപ്രശംസയും നേടി മുന്നേറുകയാണ്. ചിത്രത്തിൽ വിസ്മയയുടെ ഗംഭീര പ്രകടനമാണ് സിനിമയുടെ പ്രധാന ആകർഷണമായി പ്രേക്ഷകർ വിലയിരുത്തുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ശ്രദ്ധേയമായൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ‘എമ്പുരാൻ’ എന്ന ചിത്രത്തിലെ ചെറിയൊരു കാമിയോ വേഷത്തിലൂടെ ശ്രദ്ധനേടിയ ആശിഷ്, ‘തുടക്കത്തിലൂടെ’ തന്റെ അഭിനയമികവ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. തിയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയതിന്റെ ആവേശത്തിൽ ചിത്രത്തിന്റെ സക്സസ് ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഇതിനോടകം ബോക്സോഫീസിൽ 50 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ പിന്നിട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സിനിമയുടെ ലോഞ്ചിങ് വേളയിൽ ഇതൊരു കൊച്ചു കുടുംബ ചിത്രമാണെന്നായിരുന്നു സംവിധായകൻ ജൂഡ് ആന്റണി ജോസഫ് വിശേഷിപ്പിച്ചത്. എന്നാൽ ആ വിശേഷണങ്ങൾക്കപ്പുറം വലിയ കൗതുകങ്ങളും തിയേറ്ററുകളിൽ അത്ഭുതങ്ങളും ചിത്രം കരുതിവെച്ചിരുന്നു. ഇതിനുപുറമെ, മെഗാസ്റ്റാർ മോഹൻലാലിന്റെ ഒരു പ്രത്യേക അതിഥി വേഷവും ചിത്രത്തെ പ്രേക്ഷകർക്കിടയിൽ കൂടുതൽ ചർച്ചയാക്കി മാറ്റിയിട്ടുണ്ട്.

ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെയ്ക്സ് ബിജോയ് സംഗീതവും ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. സന്തോഷ് രാമനാണ് പ്രൊഡക്ഷൻ ഡിസൈൻ. ജിതേഷ് പൊയ്യ മേക്കപ്പും അരുൺ മനോഹർ കോസ്റ്റ്യൂം ഡിസൈനും കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ആയ വിനോദ് ശേഖർ, ശ്രീക്കുട്ടൻ എന്നിവരും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *