Home » Blog » kerala Mex » ആരോഗ്യം പരിശോധിക്കും ഈ റിങ്; ഔറ റിംഗ് 4 ഇന്ത്യയിൽ; വില 28,900 രൂപ മുതൽ
aura-ring-680x450

ഗോളതലത്തിൽ അവതരിപ്പിക്കപ്പെട്ട് രണ്ട് വർഷത്തിന് ശേഷം പ്രമുഖ സ്മാർട്ട് റിംഗ് ബ്രാൻഡായ ഔറ തങ്ങളുടെ ഏറ്റവും പുതിയ പതിപ്പായ ഔറ റിംഗ് 4 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ആരോഗ്യ സംരക്ഷണത്തിനായി സ്മാർട്ട് വാച്ചുകൾക്ക് അപ്പുറം കൂടുതൽ ലളിതവും കൃത്യവുമായ സംവിധാനങ്ങൾ തേടുന്നവരെ ലക്ഷ്യമിട്ടാണ് ഈ സ്മാർട്ട് റിംഗ് എത്തുന്നത്. ‘

സാംസങ്ങിന്റെ ഗാലക്സി റിംഗ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുമായി കടുത്ത മത്സരത്തിനാണ് ഔറ ഇന്ത്യയിൽ തുടക്കമിടുന്നത്. ഇന്ത്യയിൽ രണ്ട് പതിപ്പുകളിലായാണ് ഈ റിംഗ് ലഭ്യമാകുക. അടിസ്ഥാന മോഡലിന് 28,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. കൂടുതൽ സവിശേഷതകളുള്ള പ്രീമിയം മോഡലിന് 39,900 രൂപയാണ് രാജ്യത്തെ വില. റിംഗിലെ എല്ലാ ആരോഗ്യ ട്രാക്കിംഗ് സേവനങ്ങളും പൂർണ്ണമായി ഉപയോഗിക്കുന്നതിന് ഉപഭോക്താക്കൾ പ്രതിമാസം 599 രൂപയുടെ പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനും എടുക്കേണ്ടതുണ്ട്.

അതിമനോഹരമായ രൂപകൽപ്പനയും മികച്ച സാങ്കേതികവിദ്യയുമാണ് ഔറ റിംഗ് 4-ന്റെ പ്രധാന സവിശേഷത. വെറും 5.2 ഗ്രാം മാത്രം ഭാരമുള്ള ഈ റിംഗ് അലർജിയില്ലാത്ത ടൈറ്റാനിയം ഫിനിഷിലാണ് നിർമ്മിച്ചിരിക്കുന്നത്. 100 മീറ്റർ വരെ ജലപ്രതിരോധ ശേഷിയുള്ളതിനാൽ നീന്തുമ്പോഴോ കുളിക്കുമ്പോഴോ ഇത് ഊരേണ്ട ആവശ്യമില്ല.

ബ്ലൂടൂത്ത് ലോ എനർജി സാങ്കേതികവിദ്യ ഉപയോഗിച്ച് സ്മാർട്ട് ഫോണിലെ ഔറ ആപ്പുമായി ഇത് എളുപ്പത്തിൽ ബന്ധിപ്പിക്കാം. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ്, ഉറക്കത്തിലെ ശ്വസന നിരക്ക് എന്നിവ ആഴത്തിൽ നിരീക്ഷിക്കാൻ ഈ റിംഗിന് സാധിക്കും. പ്രത്യേകിച്ച് ഉറക്കത്തിന്റെ ഗുണനിലവാരം അളക്കുന്നതിൽ ഇത് ഏറെ മുൻപന്തിയിലാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ എട്ട് ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ശരിയായ വലുപ്പത്തിലുള്ള റിംഗ് തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക സൈസിംഗ് കിറ്റും കമ്പനി ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്.