ആഭ്യന്തരമന്ത്രിയാക്കണമെന്ന് പി വി അൻവർ

നിലമ്പൂർ: യുഡിഎഫിനൊപ്പം നിൽക്കാൻ പുതി ഉപാധികളുമായി പി വി അൻവർ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം കിട്ടിയാൽ ആഭ്യന്തരമന്ത്രിയാക്കണമെന്നാണ് പി വി അൻവറിന്റെ ആവശ്യം. വനം വകുപ്പും നൽകണമെന്നും അൻവർ ആവശ്യപ്പെട്ടു. അല്ലെങ്കിൽ വി ഡി സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും മാറ്റിയാൽ മതിയെന്നും അൻവർ വ്യക്തമാക്കി. വി ഡി സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും മാറ്റുകയോ വരുന്ന മന്ത്രിസഭയിൽ ആഭ്യന്തരവും വനം വകുപ്പും നൽകാമെന്ന് ഉറപ്പു നൽകുകയോ ചെയ്താൽ യുഡിഎഫിന്റെ മുന്നണിപടയാളിയായി താൻ രംഗത്തുണ്ടാകുമെന്നാണ് അൻവർ പറയുന്നത്.

ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിവസമാണ് വരുന്ന മന്ത്രിസഭയിൽ ആഭ്യമന്തരമന്ത്രിയാക്കണമെന്ന ആവശ്യം അൻവർ മുന്നോട്ടുവെച്ചിരിക്കുന്നത്. മലപ്പുറം ജില്ല വിഭജിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. വി.ഡി. സതീശനെ ‘മുക്കാൽ പിണറായി’ എന്നാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പി.വി. അൻവർ വിശേഷിപ്പിച്ചത്.

”വി.ഡി. സതീശനെ യുഡിഎഫ് നേതൃസ്ഥാനത്ത് ഇരുത്തിക്കൊണ്ട് ഞാൻ അതിലേക്ക് വരില്ല. ഒരു പിണറായിയെ ഇറക്കിയിട്ട് മുക്കാൽ പിണറായിയെ ഭരണത്തിൽ കയറ്റാൻ ഞാനില്ല. 2026ലെ തിരഞ്ഞെടുപ്പിൽ ആഭ്യന്തരവകുപ്പും വനംവകുപ്പും തരാൻ തയ്യാറാണെന്ന് രേഖയാക്കി പരസ്യമായി പറയുകയാണെങ്കിൽ 2026-ൽ യുഡിഎഫിനെ അധികാരത്തിലെത്തിക്കാനുള്ള മുന്നണിപടയാളിയായി ഞാൻ ഉണ്ടാകും. ഒരു വലിയ പിണറായിയെ ഇറക്കിയിരുത്തിയിട്ട് കേരളത്തിൽ ഒരു മുക്കാൽ പിണറായിയെ കയറ്റി ഇരുത്തി മുഖ്യമന്ത്രിയാക്കാനാണല്ലോ നടക്കുന്നത്. അതിന് പിവി അൻവർ ഇല്ലെന്നാണ് പറയുന്നത്. അതില്ലാത്ത യുഡിഎഫിൽ പിവി അൻവർ ഉണ്ടാകും, ഒരു തർക്കവുമില്ല”, അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ല വിഭജിക്കണമെന്നതാണ് തന്റെയും പാർട്ടിയായ തൃണമൂൽ കോൺഗ്രസിന്റെയും ആവശ്യമെന്നും പി.വി. അൻവർ വ്യക്തമാക്കി. മലപ്പുറം ജില്ല വിഭജിക്കണം. തിരഞ്ഞെടുപ്പിന് ശേഷവും തൃണമൂൽ ഈ വിഷയം ഉന്നയിച്ച് രംഗത്തുണ്ടാവും. മലയോര ജനതയ്ക്കായി തിരുവമ്പാടി കൂടി ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്നാണ് ആവശ്യമെന്നും പി.വി. അൻവർ പറഞ്ഞു.

അതിനിടെ, യുഡിഎഫ് പ്രവേശനത്തിനായുള്ള പി.വി. അൻവറിന്റെ പുതിയ ഉപാധികളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്തെത്തി. ‘പ്രതിരോധവകുപ്പും വിദേശകാര്യവകുപ്പും കൂടി ചോദിക്കാമായിരുന്നു’ എന്നാണ് അൻവറിനെ പരിഹസിച്ച് ബൽറാം ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *