ആധാർ ബന്ധിപ്പിക്കാതെ ഇനി തൽക്കാൽ ടിക്കറ്റ് ബുക്കിങ് നടക്കില്ല; 2.4 കോടി ഐആർസിടിസി അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

ഓട്ടോമേറ്റഡ് ടൂളുകൾ ഉപയോഗിച്ച് തൽക്കാൽ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്കു ചെയ്യുന്നത് പിടികൂടാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സഹായത്തോടെ കഴിഞ്ഞ ഒരാഴ്ചയിലേറെ നടത്തിയ പരിശോധനകൾക്ക് ഒടുവിലാണ് 2.4 കോടി ഐആർസിടിസി അക്കൗണ്ടുകൾ റെയിൽവേ ബ്ലോക്കുചെയ്തത്. സംശയകരമെന്ന് കണ്ടെത്തിയ 20 ലക്ഷം അക്കൗണ്ടുകൾ കൂടി നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് തൽക്കാൽ ടിക്കറ്റുകൾ ഓൺലൈനിൽ എടുക്കാൻ ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കുന്നത്. തൽക്കാൽ ബുക്കിങ് വിൻഡോ തുറക്കുന്ന ആദ്യ 10 മിനിറ്റിൽ ആധാർ ബന്ധിപ്പിച്ച അക്കൗണ്ടുകളിലൂടെ നടത്തുന്ന ഓൺലൈനിൽ ബുക്കിങ്ങിനാണ് മുൻഗണന. ഐആർസിടിസിയുടെ അംഗീകൃത ഏജൻസികൾക്ക് പോലും ഈ സമയത്ത് ബുക്ക് ചെയ്യാൻ കഴിയാത്ത വിധമാണ് പുതിയ ക്രമീകരണം.

എസി ക്ലാസിൽ ഈ ആദ്യ 10 മിനിറ്റിലാണ് തൽക്കാൽ ടിക്കറ്റുകളിൽ 62.5 ശതമാനവും (67,159 എണ്ണം) ബുക്ക് ചെയ്യപ്പെടുന്നത്. നോൺ എസി ക്ലാസിൽ ഇത് 66.4 ശതമാനമാണ്. ഈ സമയത്തെ ബൾക്ക് ബുക്കിങ് ദുരുപയോഗം തടയുകയാണ് ലക്ഷ്യം. നിലവിൽ ഐആർസിടിസി വെബ്‌സൈറ്റിൽ 13 കോടി സജീവ അക്കൗണ്ടുകളുണ്ട്. ഇവയിൽ 1.2 കോടി അക്കൗണ്ടുകൾ മാത്രമാണ് ആധാർ ബന്ധിപ്പിച്ചിട്ടുള്ളത്. ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ അക്കൗണ്ടുകൾക്കും പ്രത്യേക പരിശോധന നടത്താൻ ഐആർസിടിസി തീരുമാനിച്ചിട്ടുണ്ട്. സംശയകരമെന്ന് കണ്ടെത്തുന്ന അക്കൗണ്ടുകൾ അവസാനിപ്പിക്കും. യഥാർത്ഥ ഉപഭോക്താക്കൾക്ക് ടിക്കറ്റ് ബുക്കു ചെയ്യാൻ കഴിയുന്നില്ല എന്ന പരാതികൾ പരിഹരിക്കാൻ ഉദ്ദേശിച്ചാണ് പുതിയ പരിഷ്കാരം.

More From Author

Leave a Reply

Your email address will not be published. Required fields are marked *