Home » Blog » Auto » ആതറിന്റെ പുതിയ ‘കൊണാർക്ക്’ ഇലക്ട്രിക് സ്കൂട്ടർ എത്തി; മികച്ച ഫീച്ചറുകളും വിലയും വിവരങ്ങളും പുറത്ത്

ഇലക്ട്രിക് സ്‍കൂട്ടർ വിപണിയിൽ വൻ തരംഗം സൃഷ്ടിക്കാൻ പുതിയ മോഡലുമായി പ്രമുഖ നിർമാതാക്കളായ ആതർ എനർജി രംഗത്ത്. കമ്പനിയുടെ നാലാമത് വാർഷിക കമ്മ്യൂണിറ്റി ദിനത്തോടനുബന്ധിച്ചാണ് ‘ആതർ കൊണാർക്ക്’ വിപണിയിൽ അവതരിപ്പിച്ചത്. ദൈനംദിന യാത്രകൾ കൂടുതൽ സുഗമമാക്കുക ലക്ഷ്യമിട്ട് വികസിപ്പിച്ച പുതിയ ‘ഇഎൽ’ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ ഇലക്ട്രിക് സ്കൂട്ടർ നിർമ്മിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 161 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന എസ് 161 മോഡൽ ഉൾപ്പെടെ നിരവധി പുതിയ പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഓട്ടോ ഹോൾഡ്, പാർക്ക് അസിസ്റ്റ്, മാജിക് കീ തുടങ്ങി ഒട്ടനവധി അത്യാധുനിക സവിശേഷതകളും ഈ വാഹനത്തിലുണ്ട്.

എസ്, ഇസഡ് എന്നിങ്ങനെ രണ്ട് പ്രധാന വേരിയന്റുകളിലായാണ് കൊണാർക്ക് വിപണിയിലെത്തുന്നത്. എസ് സീരീസിലെ പ്രാരംഭ മോഡലായ കൊണാർക്ക് എസ് 100-ന് 99,999 രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. കൂടാതെ എസ് 125 പതിപ്പിന് 1,21,999 രൂപയും, ഉയർന്ന റേഞ്ച് നൽകുന്ന എസ് 161 പതിപ്പിന് 1,44,999 രൂപയുമാണ് വില വരുന്നത്. ഭാവിയിൽ 200 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന പുതിയ മോഡലുകളും ഇസഡ് സീരീസ് പതിപ്പുകളും വിപണിയിലെത്തിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. വാഹനത്തിന്റെ ഡെലിവറികൾ ഘട്ടംഘട്ടമായി ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കിലോവാട്ട് അവർ മുതൽ 3.5 കിലോവാട്ട് അവർ വരെയുള്ള ബാറ്ററി ഓപ്ഷനുകളാണ് കൊണാർക്കിൽ നൽകിയിട്ടുള്ളത്. മൂന്ന് മോഡലുകളുടെയും പരമാവധി വേഗത മണിക്കൂറിൽ 70 കിലോമീറ്ററാണ്. യാത്രാനുഭവം കൂടുതൽ ആയാസരഹിതമാക്കാൻ മോട്ടോറിന്റെ സഹായത്തോടെ വാഹനം പിന്നിലേക്ക് എടുക്കാൻ സഹായിക്കുന്ന ‘പാർക്ക് അസിസ്റ്റ്’, വാഹനം നിർത്തുമ്പോൾ അതേ സ്ഥാനത്ത് ഉറപ്പിച്ചുനിർത്തുന്ന ‘ഓട്ടോ ഹോൾഡ്’ സംവിധാനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഉയർന്ന വേരിയന്റുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്ന അഡ്വാൻസ്ഡ് ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റവും ലഭ്യമാക്കിയിട്ടുണ്ട്.

സ്മാർട്ട് കണക്റ്റിവിറ്റിയുടെ ഭാഗമായി ആപ്പ് വഴി ബൂട്ട് തുറക്കാനുള്ള ‘മാജിക് കീ’ സൗകര്യവും ഉയർന്ന മോഡലുകളിൽ ഒരുക്കിയിട്ടുണ്ട്. ഇസഡ് വേരിയന്റുകളുടെ ഡാഷ്‌ബോർഡിൽ ഗൂഗിൾ മാപ്സ്, വാട്ട്‌സ്ആപ്പ് പിന്തുണ എന്നിവയ്ക്കുപുറമേ മോഷണവും ടോ ചെയ്യപ്പെടലും തിരിച്ചറിയുന്ന ആന്റി-തെഫ് അലേർട്ടുകളും ഉൾപ്പെടുത്തിയിരിക്കുന്നു. കുടുംബങ്ങളുടെ യാത്രാ ആവശ്യങ്ങൾ പൂർtതയായി നിറവേറ്റുന്ന തരത്തിലാണ് പുതിയ ആതർ കൊണാർക്ക് വിപണിയിൽ എത്തിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *