അരിമണിയേക്കാള്‍ വലിപ്പം കുറഞ്ഞ പേസ്‌മേക്കര്‍ വികസിപ്പിച്ച് എന്‍ജിനീയര്‍മാര്‍

ഹൃദയമിടിപ്പില്‍ താളംതെറ്റലുള്ളവര്‍ക്കു ശരീരത്തിൽ ഘടിപ്പിക്കുന്ന മെഡിക്കല്‍ ഡിവൈസാണ് പേസ്‌മേക്കര്‍. സാധാരണ ഗതിയില്‍ അല്പം വലിപ്പമുള്ളവയാണ് പേസ്‌മേക്കര്‍. എന്നാല്‍ ലോകത്തിലേറ്റവും ചെറിയ, അതായത് അരിമണിയേക്കാള്‍ വലിപ്പം കുറഞ്ഞ പേസ്‌മേക്കര്‍ വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരുസംഘം എന്‍ജിനീയര്‍മാര്‍. നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള താത്കാലിക പേസ്‌മേക്കറായാണ് ഇതിനെ വികസിപ്പിച്ചത്. നേച്ചര്‍ ജേര്‍ണലില്‍ ഇതിനേക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകത്ത് ജനിക്കുന്ന ഒരുശതമാനം കുട്ടികളില്‍ ജന്മനാ ചില വൈകല്യങ്ങളുണ്ടാകാറുണ്ട്. തീരെ ചെറിയ കുട്ടികള്‍ക്ക് നിലവിലെ വലിയ പേസ്‌മേക്കര്‍ എന്നത് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. ഇതിന് പരിഹാരമായാണ് പുതിയ മില്ലീമീറ്ററുകള്‍ മാത്രം വലിപ്പമുള്ള പേസ്‌മേക്കര്‍ വികസിപ്പിച്ചത്. വളരുമ്പോള്‍ തനിയെ പരിഹരിക്കപ്പെടുന്ന അത്തരം വൈകല്യമുള്ള കുട്ടികള്‍ക്ക് ചിലപ്പോള്‍ പേസ്‌മേക്കറിന്റെ സഹായം ആവശ്യമായി വരും. ചിലപ്പോള്‍ ആഴ്ചകള്‍ മാത്രമേ പേസ്‌മേക്കറിന്റെ സഹായം വേണ്ടിവരു. ഇത് ഗുരുതരമായ സാഹചര്യത്തെ മറികടക്കാന്‍ കുട്ടികളെ സഹായിക്കും. നിലവില്‍ ഉപയോഗിക്കുന്ന വയറുകളുള്ള പേസ്‌മേക്കറുകള്‍ സ്ഥാപിക്കാന്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ വേണ്ടിവരും. മാത്രമല്ല കാലാവധി കഴിഞ്ഞാലോ, അല്ലെങ്കില്‍ ഉപയോഗം ആവശ്യമില്ലാതെ വന്നാലൊ ഇത് ശരീരത്തില്‍ നിന്ന് മാറ്റണമെങ്കിലും വീണ്ടുമൊരു ശസ്ത്രക്രിയയ്ക്ക് കൂടി വിധേയരാകേണ്ടി വരും.

എന്നാല്‍ പുതിയ പേസ്‌മേക്കര്‍ ഒരിക്കല്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ അത് നിശ്ചിത കാലത്തിന് ശേഷം ശരീരത്തില്‍ തനിയെ അലിഞ്ഞുചേരുമെന്നതിനാൽ ആവശ്യം കഴിഞ്ഞാല്‍ അത് നീക്കാന്‍ ഒരു ശസ്ത്രക്രിയ വേണ്ടി വരുന്നില്ല. മൃഗങ്ങളില്‍ പരീക്ഷിച്ചതിന് ശേഷം മനുഷ്യരിലും പരീക്ഷിച്ചുറപ്പുവരുത്തി. കൃത്യമായ ഇടവേളയില്‍ ഹൃദയമിടിപ്പ് നിലനിര്‍ത്താന്‍ ഈ കുഞ്ഞന്‍ പേസ്‌മേക്കര്‍ സഹായിക്കുമെന്ന് തെളിയിച്ചു. പുതിയ പേസ്‌മേക്കര്‍ മുതിര്‍ന്നവരിലും ഉപയോഗിക്കാനാകുമോ എന്ന പരീക്ഷണമാണ് ഇനി നടക്കാന്‍ പോകുന്നത്. ഇത് വിജയകരമായാല്‍ അതൊരു വിപ്ലവം തന്നെയായിരിക്കും.

More From Author

Leave a Reply

Your email address will not be published. Required fields are marked *