അമ്പലപ്പുഴ: പാർട്ടിയിലെ അതികായനായിരുന്ന ജി. സുധാകരൻ കൂടുമാറി യു.ഡി.എഫ് സ്ഥാനാർഥിയായി എത്തിയതോടെയാണ് അമ്പലപ്പുഴ ശ്രദ്ധാകേന്ദ്രമായി മാറിയത്. സി.പി.എം സ്ഥാനാർഥി എച്ച്. സലാമിനെതിരെ മത്സരിക്കാനിറങ്ങിയ സുധാകരനെ വീഴ്ത്താൻ പതിനെട്ടടവും പുറത്തെടുത്താണ് സി.പി.എം അങ്കം തുടങ്ങിയത്. ഒടുവിൽ, എല്ലാ പ്രതിരോധവും തകർത്ത് ജി. സുധാകരൻ വിജയം നേടി.
പാർട്ടിയുടെ അഭിമാന പ്രശ്‌നമായിരുന്നു അമ്പലപ്പുഴ നിയോജക മണ്ഡലം. അമ്പലപ്പുഴയിൽ പതിവായി എൽ.ഡി.എഫിന് കിട്ടിയിരുന്ന വോട്ടുകൾ ജി. സുധാകരൻ സ്ഥാനാർഥിയായതോടെ ലഭിച്ചില്ലെന്നാണ് അവരുടെ കണക്ക് കൂട്ടൽ. ഭരണവിരുദ്ധ വികാരം, ജി. സുധാകരൻ എതിർ സ്ഥാനാർഥി ആയത്, പാർട്ടി അനുഭാവികൾ, നിഷ്പക്ഷമതികൾ എന്നിവരുടെ വോട്ടുകളിലെ ചോർച്ച തുടങ്ങിയ പ്രതികൂല ഘടകങ്ങൾ നിമിത്തം നേരിയ വോട്ടുകൾക്ക് അമ്പലപ്പുഴ എൽ.ഡി.എഫിന് നഷ്ടമാകാനുള്ള സാധ്യത കണക്കുകൾ അടിസ്ഥാനമാക്കി സി.പി.എം അവതരിപ്പിച്ച അവലോകനത്തിൽ സൂചിപ്പിച്ചിരുന്നു.
അനുഭാവി വോട്ടുകളിൽ കുറവുണ്ടായെങ്കിലും പരമ്പരാഗത സി.പി.എം വോട്ടുകളും ഉറച്ച പാർട്ടി വോട്ടുകളും ചോർന്നില്ല. കളർകോട്, കൈതവന, പഴവീട് തുടങ്ങിയ മേഖലകളിൽ പാർട്ടിക്ക് ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന നിഷ്പക്ഷമതികളുടെ വോട്ടുകൾ പൂർണമായി കിട്ടിയിട്ടില്ലെന്ന സി.പി.എം വിലയിരുത്തലും ശരിയെന്ന് തെളിഞ്ഞു. പരമ്പരാഗതമായി ബി.ജെ.പിക്ക് ലഭിക്കുന്ന വോട്ടുകളിൽ ഒരു ഭാഗം സുധാകരന് ലഭിച്ചു. എന്നാൽ, എസ്.ഡി.പി.ഐ വോട്ടുകൾ ഇക്കുറി പൂർണമായും എച്ച്. സലാമിന് അനുകൂലമായിരുന്നു.
കഴിഞ്ഞതവണ 11,125 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എച്ച്. സലാം വിജയിച്ചത്. കോൺഗ്രസിലെ യുവനേതാവ് എം. ലിജുവിനെയായിരുന്നു സലാം പരാജയപ്പെടുത്തിയത്. ബി.ജെ.പി സ്ഥാനാർഥിയായ അനൂപ് ആന്റണി 22,389 നേടിയിരുന്നു.
