പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിതരണം തടസ്സപ്പെട്ട ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി കടന്നുപോകാൻ തയ്യാറെടുക്കുന്നു. ഇന്ത്യൻ പതാകയുള്ള ഈ കപ്പലുകൾ ഉടൻ ഹോർമുസ് കടക്കുമെന്ന് കപ്പൽ ഗതാഗത വിവരങ്ങളും വ്യാപാര സ്രോതസ്സുകളെയും ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ പാചകവാതക ക്ഷാമം പരിഹരിക്കാൻ ഈ നീക്കം വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ.
‘പൈൻ ഗ്യാസും’ ‘ജഗ് വസന്തും’ യാത്ര തിരിക്കുന്നു
നിലവിൽ ഷാർജയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുന്ന പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ ടാങ്കറുകളാണ് കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നത്. ശനിയാഴ്ചയോടെ ഈ കപ്പലുകൾ യാത്ര തിരിച്ചേക്കുമെന്നാണ് വിവരം. ഇതിൽ ‘ജഗ് വസന്ത്’ ഭാരത് പെട്രോളിയത്തിനും (BPCL) ‘പൈൻ ഗ്യാസ്’ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (IOC) വേണ്ടിയുള്ളതാണ്. നിലവിൽ 22 ഓളം ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടക്കാനാവാതെ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞയാഴ്ച ഇന്ത്യൻ പതാകയുള്ള രണ്ട് എൽപിജി കപ്പലുകൾ കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരുന്നു. ഈ കപ്പലുകൾ സുരക്ഷിതമായി ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. അതേസമയം, ജപ്പാൻ കപ്പലുകൾക്കും ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ അനുമതി നൽകാൻ തയ്യാറാണെന്ന് ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ജപ്പാൻ സർക്കാരുമായി ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു
