രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 195.50 രൂപ വർധിച്ച് വില 2078.50 രൂപയിലെത്തി. കൊൽക്കത്തയിൽ 218 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത തടസ്സവും ഇന്ധന ഇറക്കുമതിയെ ബാധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ഇറാൻ-അമേരിക്ക സംഘർഷം നീണ്ടുനിൽക്കുമെന്ന സൂചനകൾ അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
അടിക്കടിയുണ്ടാകുന്ന ഈ വിലക്കയറ്റം ചെറുകിട കച്ചവടക്കാരെയും ഹോട്ടൽ മേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്. ഇതോടെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില വരും ദിവസങ്ങളിൽ വർദ്ധിക്കാനാണ് സാധ്യത. യുദ്ധസാഹചര്യം മുൻകൂട്ടി കണ്ട് ഇന്ധന ശേഖരണം നടത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതാണ് ഈ വിലക്കയറ്റത്തിന് വഴിവെച്ചതെന്ന വിമർശനവും ശക്തമാണ്. സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ പരോക്ഷമായി ബാധിക്കുന്ന ഈ തീരുമാനം വിപണിയിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഉറപ്പാണ്.
