Home » Blog » kerala Max » ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ
8
കൊച്ചി: പ്രീമിയം മോട്ടോർസൈക്കിൾ വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ‘എക്‌സ്ട്രീം 160R 4V’ (Xtreme 160R 4V), പുതുക്കിയ ‘എക്‌സ്ട്രീം 250R’ (Xtreme 250R) എന്നീ മോഡലുകൾ ഹീറോ മോട്ടോകോർപ്പ് പുറത്തിറക്കി. ആകർഷകമായ സ്ട്രീറ്റ്‌ഫൈറ്റർ സ്റ്റൈലിംഗ്, നൂതന സാങ്കേതികവിദ്യ, മികച്ച പ്രകടനം എന്നിവ സമന്വയിപ്പിച്ചാണ് ഈ രണ്ട് ഇരുചക്രവാഹനങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പൂർണ്ണമായും പുതിയ ഡിസൈനിലും സവിശേഷതകളിലുമാണ് എക്‌സ്ട്രീം 160R 4V എത്തിയിരിക്കുന്നത്. 163 സിസി, 4-വാൽവ്, ഓയിൽ-കൂൾഡ് എഞ്ചിൻ കരുത്തുപകരുന്ന ഈ ബൈക്കിന് 17.1 PS പവറും 14.6 Nm ടോർക്കും ഉത്പാദിപ്പിക്കാനാകും. കേവലം 4.4 സെക്കൻഡുകൊണ്ട് പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ ബൈക്ക്, ഈ വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ മോഡലാണെന്ന് കമ്പനി അവകാശപ്പെടുന്നു. സെഗ്‌മെന്റിൽ ആദ്യമായി ക്രൂയിസ് കൺട്രോൾ, പാനിക് ബ്രേക്ക് അലേർട്ട്, റൈഡ്-ബൈ-വയർ സാങ്കേതികവിദ്യ, റെയിൻ, റോഡ്, സ്‌പോർട്ട് എന്നീ റൈഡ് മോഡുകൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്യുവൽ-ചാനൽ എബിഎസ്, TFT കൺസോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

250 സിസി പ്രകടന വിഭാഗത്തിൽ പുതിയ നിലവാരം പുലർത്തുന്നതാണ് പുതുക്കിയ എക്‌സ്ട്രീം 250R. 30 PS പവറും 25.3 Nm ടോർക്കും നൽകുന്ന 250 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഇതിലുള്ളത്. 3.2 സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഈ മോഡലിന് സാധിക്കും. ഈ വിഭാഗത്തിലാദ്യമായി ഫ്രീക്വൻസി സെലക്ടീവ് ഡാംപിംഗ് (FSD) സസ്‌പെൻഷൻ, ക്രൂയിസ് കൺട്രോൾ, ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഈ ബൈക്കിന്റെ പ്രത്യേകതകളാണ്. റെയിൻ, റോഡ്, സ്‌പോർട്ട്, ട്രാക്ക് എന്നിങ്ങനെ നാല് റൈഡ് മോഡുകളും ഇതിലുണ്ട്.

പ്രീമിയംവൽക്കരണം കമ്പനിക്ക് മുന്നിലുള്ള ഏറ്റവും വലിയ വളർച്ചാ അവസരങ്ങളിലൊന്നാണെന്നും, അത്യാധുനിക ഉൽപ്പന്നങ്ങളിലൂടെയും മികച്ച റൈഡിംഗ് അനുഭവങ്ങളിലൂടെയും ഈ വിഭാഗത്തിലെ സ്ഥാനം കൂടുതൽ ശക്തമാക്കുകയാണെന്നും ലോകോത്തര ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്നതിനും പ്രീമിയം പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ പുതിയ ലോഞ്ചുകളെന്നും, 130-ലധികം ഹീറോ പ്രീമിയ നെറ്റ്‌വർക്കിന്റെ പിന്തുണയോടെയാണ് ഇവ വിപണിയിലെത്തുന്നതെന്നും ഹീറോ മോട്ടോകോർപ്പ് പ്രീമിയം സെഗ്‌മെന്റ് ചീഫ് ബിസിനസ് ഓഫീസർ അനുജ് ദുവ പറഞ്ഞു.

എക്‌സ്ട്രീം 160R 4V സ്റ്റാൻഡേർഡ് (Rs. 1,27,000), പ്രോ (Rs. 1,37,000), കാർബൺ (Rs. 1,41,000) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. കാർബൺ റെഡ്, കാർബൺ വൈറ്റ്, കാർബൺ ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമായ എക്‌സ്ട്രീം 250R-ന്റെ പ്രാരംഭ വില 1,98,000 രൂപയാണ് (എല്ലാ നിരക്കുകളും ഡൽഹി എക്‌സ്-ഷോറൂം).രണ്ട് മോഡലുകളുടെയും ബുക്കിംഗ് ആരംഭിച്ചു.നവംബർ 1 മുതൽ ഡെലിവറി ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *