
എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയതിൽ കടുത്ത അമർഷവും അതൃപ്തിയും പ്രകടിപ്പിച്ച് സീറാം സാംബശിവറാവു. ചട്ടപ്രകാരം മാത്രം പ്രവർത്തിച്ചിട്ടും തന്നെ എന്തിനാണ് തസ്തികയിൽ നിന്ന് മാറ്റിയതെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ആവശ്യമായ എല്ലാ വിവരങ്ങളും കൃത്യമായി സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും, സർക്കാരിന് ദോഷകരമാകുന്ന ഒരു നടപടിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രയയപ്പ് ചടങ്ങുകളും ഔദ്യോഗിക വാഹനവും ഒഴിവാക്കിയാണ് അദ്ദേഹം തന്റെ പ്രതിഷേധം പരസ്യമാക്കിയത്. എന്നാൽ മാധ്യമങ്ങളോട് പരസ്യ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല. അതേസമയം, സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പ് എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് സാംബശിവറാവു ഉന്നയിച്ചിരിക്കുന്നത്. ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർ ബാറുകളിൽ നിന്ന് കോഴ വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സർക്കാരിന് റിപ്പോർട്ട് നൽകുകയും ഇവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യുകയും ചെയ്തു.
വിമാനത്താവളത്തിൽ പുതിയ ബാർ ലൈസൻസ് അനുവദിച്ച നടപടിയെയും സാംബശിവറാവു ന്യായീകരിച്ചു. വിമാനത്താവളങ്ങളിൽ എഫ്എൽ-7 ലോഞ്ച് ബാർ ലൈസൻസ് അനുവദിക്കാൻ എക്സൈസ് കമ്മീഷണർക്ക് പൂർണ്ണ അധികാരമുണ്ടെന്നും, കസ്റ്റംസ് കമ്മീഷണറുടെയും എയർപോർട്ട് അധികൃതരുടെയും അനുമതിയോടെ നിയമപ്രകാരമാണ് ലൈസൻസ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
