
വാഷിംഗ്ടൺ: സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അമേരിക്കൻ ഉദ്യോഗസ്ഥർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി യുഎസ്. തായിഫ്, യാൻബു നഗരങ്ങളിലേക്ക് ഔദ്യോഗികമോ വ്യക്തിപരമോ ആയ യാത്ര നടത്തുന്നതിന് ഇനി പ്രത്യേക അനുമതി വാങ്ങണം. സൗദിയിലെ യുഎസ് മിഷനാണ് എക്സ് വഴി പുതിയ സുരക്ഷാ നിർദേശം പുറത്തുവിട്ടത്.
സൗദിയിലുള്ള അമേരിക്കൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് യുഎസ് മിഷൻ നിർദേശിച്ചു. സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രാദേശിക വാർത്തകളും ഔദ്യോഗിക അറിയിപ്പുകളും നിരന്തരം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി മൊബൈൽ ഫോണുകൾ ചാർജ് ചെയ്ത് സൂക്ഷിക്കണമെന്നും വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. വ്യോമാക്രമണമുണ്ടായാൽ ജനലുകൾക്കും ചില്ലുവാതിലുകൾക്കും സമീപത്തുനിന്ന് മാറിനിൽക്കണമെന്നും യുഎസ് പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.
അതേസമയം, സാധാരണ കോൺസുലാർ സേവനങ്ങളും അടിയന്തര കോൺസുലാർ സേവനങ്ങളും തുടരുമെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. സൗദിയിലുള്ള അമേരിക്കക്കാർ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്.
സൗദി അറേബ്യയിലേക്കുള്ള യാത്ര പുനഃപരിശോധിക്കണമെന്ന ‘ലെവൽ 3’ യാത്രാ മുന്നറിയിപ്പാണ് നിലവിൽ അമേരിക്ക നൽകിയിരിക്കുന്നത്. ഇറാൻ പിന്തുണയുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ ഭീഷണി, സായുധ സംഘർഷ സാധ്യത, തീവ്രവാദ ഭീഷണി എന്നിവയാണ് യാത്രാ മുന്നറിയിപ്പിന് കാരണങ്ങളായി യുഎസ് ചൂണ്ടിക്കാട്ടുന്നത്. യെമൻ അതിർത്തി മേഖല, ജിസാൻ, അസീർ, നജ്റാൻ, ഖത്തീഫ് തുടങ്ങിയ പ്രദേശങ്ങളിൽ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ പ്രത്യേക യാത്രാ നിയന്ത്രണങ്ങളുണ്ട്.
