150 ഓളം മോഷണ കേസുകളിലെ പ്രതി മോഷണ ശ്രമത്തിനിടെ പിടിയില്‍. കേരളത്തിലും തമിഴ്‌നാട്ടിലുമായി നൂറ്റമ്പതോളം മോഷണക്കേസുകളിൽ പ്രതിയായ നെടുമങ്ങാട് സ്വദേശി വിജയൻ (57) ആണ് തിരുവനന്തപുരത്ത് പിടിയിലായത്. പടന്താലുമൂട്ടിലെ ഒരു ഫ്രൂട്ട്‌സ് കടയുടെ ഷട്ടർ കുത്തിത്തുറന്ന് ഒന്നേകാൽ ലക്ഷം രൂപ മോഷ്ടിച്ച കേസിലെ അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം രാത്രി മറ്റൊരു കടയിൽ മോഷണശ്രമം നടത്തുന്നതിനിടെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം വിജയനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഫ്രൂട്ട്‌സ് കടയിലെ കവർച്ച ഉൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതി സമ്മതിച്ചു.
മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്ന് മാത്രമല്ല, പിടിക്കപ്പെടാതിരിക്കാൻ ബസ് യാത്രകളും ഒഴിവാക്കും. മോഷണത്തിനിടെ സ്വർണ്ണാഭരണങ്ങൾ കാണാനിടയായാൽ പോലും അവ തൊടാതെ പണം മാത്രം കവരുന്നതാണ് ഇയാളുടെ ശൈലി. പകൽ സമയങ്ങളിൽ കറങ്ങിനടന്ന് ആളില്ലാത്ത വീടുകളും കടകളും കണ്ടെത്തി രാത്രിയിൽ മോഷണം നടത്തുന്ന വിജയൻ, ആറുമാസത്തിലൊരിക്കൽ മാത്രമാണ് സ്വന്തം വീട്ടിലെത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു.
