Home » Blog » kerala Max » സ്വകാര്യ കുത്തകകൾക്ക് ധാതുസമ്പത്ത് തീറെഴുതുന്നു; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ
pinarayi

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ മൈൻസ് ആൻ്റ് മിനറൽസ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത് വന്നു. ബില്ല് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ തത്ത്വങ്ങളെ പൂർണമായും കാറ്റിൽപ്പറത്തുന്നതാണെന്ന് അദ്ദേഹം വിമർശിച്ചു. ഭേദഗതി വ്യവസ്ഥകൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായതിനാൽ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.

ഖനന അവകാശങ്ങളിലും ധാതുവിഭവങ്ങളടങ്ങിയ ഭൂമിയിലും അധിക നികുതിയോ സെസ്സോ ഈടാക്കാനുള്ള സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശത്തെ തടയുന്നത് ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം ഭൂമിയും അതിലെ വിഭവങ്ങളും സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയങ്ങളാണെന്നും, ഇതിൽ കേന്ദ്ര നിയന്ത്രണം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.

രാജ്യത്തിന്റെ അമൂല്യമായ ധാതുസമ്പത്ത് പൂർണമായും സ്വകാര്യ കുത്തകകൾക്ക് അടിയറവ് വെക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢനീക്കം കൂടിയാണ് പുതിയ ഭേദഗതി ബില്ലിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തന്ത്രപ്രധാനമായ അപൂർവ്വ ധാതുക്കളുടെ ഖനനം ഉൾപ്പെടെ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്ത് പൊതുമേഖലയെ തകർക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ കേന്ദ്രത്തിന്റെ ഈ സ്വകാര്യവൽക്കരണ നയങ്ങൾക്ക് കുടപിടിക്കുന്ന സമീപനം തന്നെയാണ് കേരളത്തിലെ സർക്കാരിനുമുള്ളതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

‘റെയർ എർത്ത് ഇടനാഴി’ എന്ന പേരിൽ കേരളത്തിന്റെ തീരത്തെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇതിന്റെ ഭാഗമായി ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിന്റെ പ്രവർത്തനം പ്രതിസന്ധിയിലാക്കി പൂട്ടിക്കാനും ആ സ്ഥാനത്തേക്ക് സ്വകാര്യ ലോബികളെ പ്രതിഷ്ഠിക്കാനുമുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും, ഇത് ശക്തമായി ചെറുക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.