Home » Blog » Kerala » ​’സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കണം’; അഭിഭാഷകർക്ക് മുന്നിൽ വഴങ്ങിയെന്ന് ആരോപിച്ചു ഡൽഹി പൊലീസിൽ ആഭ്യന്തര കലഹം
ani_20261009104

ഡൽഹി: ഡൽഹി പൊലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത പ്രതിഷേധം. എ.സി.പി മാനസ്വി വസിഷ്ഠ്, എസ്.എച്ച്.ഒ അരുൺ കുമാർ എന്നിവരെ സ്ഥലം മാറ്റിയ ഉത്തരവിനെതിരെയാണ് സഹപ്രവർത്തകർ പരസ്യമായി രംഗത്തെത്തിയത്. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറോളം പൊലീസുകാർ പ്ലക്കാർഡുകളും പോസ്റ്ററുകളും ഉയർത്തി പ്രതിഷേധത്തിൽ പങ്കെടുത്തു. ഗാന്ധിനഗർ സബ് ഡിവിഷൻ എ.സി.പിക്കുമേലും ഷഹ്ദാര പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഓയ്ക്കുമേലുമുള്ള അച്ചടക്ക നടപടി അടിയന്തരമായി പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

 

ഒക്ടോബർ 23-ന് ഷഹ്ദാര പൊലീസ് സ്റ്റേഷനിലുണ്ടായ പാർക്കിംഗ് തർക്കത്തെ തുടർന്നുള്ള അക്രമസംഭവങ്ങളാണ് നിലവിലെ പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. ഒരു അഭിഭാഷകനും ദമ്പതികളും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ സ്റ്റേഷനിൽ വെച്ച് അഭിഭാഷകന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കോടതി അഭിഭാഷകർ ശക്തമായ സമരം ആരംഭിച്ചു. ഒക്ടോബർ 28-ന് എ.സി.പിയെയും എസ്.എച്ച്.ഒയെയും പ്രാധാന്യം കുറഞ്ഞ വിഭാഗത്തിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങിയതോടെയാണ് അഭിഭാഷകർ സമരം അവസാനിപ്പിച്ചത്.

 

എന്നാൽ അഭിഭാഷകരുടെ സമ്മർദ്ദത്തിന് വഴങ്ങി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ അധികൃതരുടെ നടപടി ഏകപക്ഷീയമാണെന്നും ഇത് സേനയുടെ മനോവീര്യം തകർക്കുമെന്നും പ്രതിഷേധിക്കുന്ന പൊലീസുകാർ ആരോപിക്കുന്നു. ഡൽഹി ഈസ്റ്റിൽ നിന്ന് നിർണ്ണായക ചുമതലകൾ വഹിച്ചിരുന്ന ഉദ്യോഗസ്ഥരെ മാറ്റിയ നടപടിയിൽ മുതിർന്ന ഉദ്യോഗസ്ഥർ ഇടപെടണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഡൽഹി പൊലീസ് കമ്മീഷണറെ നേരിട്ട് കണ്ട് പരാതി അറിയിക്കാതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് സമരം ചെയ്യുന്ന ഉദ്യോഗസ്ഥർ.

Leave a Reply

Your email address will not be published. Required fields are marked *