തിരുവനന്തപുരം: കോൺഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ കെഎസ്ആർടിസി യാത്രാ നടപ്പാക്കൽ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയായിട്ടില്ലെന്ന് റിപ്പോർട്ട്. ഏത് വിഭാഗം ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുകയെന്ന കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതിനാൽ യാത്രക്കാരും കാത്തിരിക്കുകയാണ്.
ജൂൺ 15 മുതൽ പദ്ധതി നടപ്പാക്കാൻ വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും മാർഗനിർദേശങ്ങളും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. അടുത്ത മന്ത്രിസഭാ യോഗത്തിലായിരിക്കും പദ്ധതിയുടെ രൂപരേഖയ്ക്ക് അന്തിമ അംഗീകാരം ലഭിക്കുകയെന്നാണ് വിവരം. സൗജന്യ യാത്ര കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ മാത്രമായി പരിമിതപ്പെടുത്താനാണ് നിലവിലെ ആലോചന. ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന നിരക്കുള്ള ബസുകളിൽ പദ്ധതി നടപ്പാക്കുന്നത് സാമ്പത്തികമായും പ്രവർത്തനപരമായും ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ.
റിസർവേഷൻ സൗകര്യമുള്ള സർവീസുകളിൽ സൗജന്യ യാത്ര അനുവദിച്ചാൽ യാത്രാ ക്രമീകരണങ്ങളിലും വരുമാനത്തിലും വലിയ പ്രത്യാഘാതമുണ്ടാകാമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അതിനാലാണ് പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലേക്ക് മാത്രം ചുരുക്കാനുള്ള നിർദേശം ഉയർന്നത്. പദ്ധതി നടപ്പിലാക്കാൻ പ്രതിമാസം 90 മുതൽ 100 കോടി രൂപ വരെ അധിക ചെലവ് വരുമെന്നാണ് പ്രാഥമിക കണക്ക്. നിലവിൽ കെഎസ്ആർടിസിയുടെ ശമ്പള-പെൻഷൻ ചെലവുകൾക്കായി സർക്കാർ നൽകുന്ന സാമ്പത്തിക സഹായത്തിന് പുറമെയായിരിക്കും ഈ തുക കണ്ടെത്തേണ്ടിവരിക.
