Home » Blog » kerala Mex » സോഷ്യൽ മീഡിയ ഷെയറിന് പണം; തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് പരാതി, മഞ്ഞളാംകുഴി അലിക്കെതിരെ നടപടിക്ക് സാധ്യത
manjalamkuzhi-ali-680x450

യുഡിഎഫ് സ്ഥാനാർത്ഥി മഞ്ഞളാംകുഴി അലിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. വോട്ടർമാരെ സ്വാധീനിക്കാൻ മെഗാ സ്റ്റാറ്റസ് ചലഞ്ച് സംഘടിപ്പിക്കുകയും പണവും സമ്മാനങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തതിലൂടെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്നാണ് ആരോപണം. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയാണ് പരാതിയുമായി രംഗത്തെത്തിയത്.

സ്ഥാനാർത്ഥിയുടെ റീലുകൾക്കും പ്രചാരണ പോസ്റ്ററുകൾക്കും സോഷ്യൽ മീഡിയയിൽ കൂടുതൽ പ്രചാരം നൽകുന്നവർക്ക് പ്രതിദിനം 5,000 രൂപ സമ്മാനം നൽകുമെന്നായിരുന്നു വാഗ്ദാനം. കൂടാതെ, ചലഞ്ചിൽ പങ്കെടുക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വോട്ടർമാർക്ക് 25,000 രൂപ വിലയുള്ള മൊബൈൽ ഫോൺ സമ്മാനമായി നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. മങ്കട മണ്ഡലം കെപിസിസി-ഗ്ലോബൽ കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 1 മുതൽ 7 വരെയാണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചത്.

പ്രചാരണത്തിന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വോട്ടർമാർക്ക് പണം നൽകുന്നത് വോട്ടർമാരെ വിലയ്‌ക്കെടുക്കുന്നതിന് തുല്യമാണെന്ന് പരാതിയിൽ പറയുന്നു. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 123(1) (A) വകുപ്പിന്റെ ലംഘനമാണിതെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു. മഞ്ഞളാംകുഴി അലിയുടെ പൂർണ്ണമായ അറിവോടെയും സമ്മതത്തോടെയുമാണ് ഈ ചലഞ്ച് നടന്നതെന്നാണ് എൽഡിഎഫിന്റെ ആരോപണം.
എൽഡിഎഫ് സ്ഥാനാർത്ഥി കുന്നത്ത് മുഹമ്മദിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ. ടി.കെ. റഷീദലിയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മങ്കട മണ്ഡലം റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകിയത്