ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സെക്രട്ടേറിയറ്റിലെ പ്രവർത്തനശൈലിയിലൂടെ ശ്രദ്ധനേടി ജോസഫ് വിജയ്. ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനെപ്പോലെ സമയനിഷ്ഠ പാലിച്ചും ലാളിത്യത്തോടെ പ്രവർത്തിച്ചുമാണ് വിജയ് മുന്നോട്ട് പോകുന്നതെന്ന് സെക്രട്ടേറിയറ്റിലെ ജീവനക്കാർ പറയുന്നു. ഉച്ചഭക്ഷണം വീട്ടിൽനിന്ന് കൊണ്ടുവന്ന് ഓഫീസിലെ മുറിയിൽവെച്ചുതന്നെ കഴിക്കുന്നതും ജീവനക്കാർക്ക് പുതിയ അനുഭവമായി മാറിയിരിക്കുകയാണ്.
മേയ് പത്തിനായിരുന്നു വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ രാവിലെ പത്തിനായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും വിജയ് 8.50-ന് തന്നെ വേദിയിലെത്തിയിരുന്നു. അധികാരമേറ്റ ആദ്യദിവസം മുതൽ തന്നെ സമയനിഷ്ഠയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് അദ്ദേഹം സ്വീകരിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
തൊട്ടടുത്ത ദിവസം എം.എൽ.എമാരുടെ സത്യപ്രതിജ്ഞ രാവിലെ 9.30-നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ വിജയ് 8.45-ന് സെക്രട്ടേറിയറ്റിലെത്തി പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നടന്ന മേയ് 12-നും അദ്ദേഹം അതേ സമയത്താണ് സെക്രട്ടേറിയറ്റിലെത്തിയത്.
വിശ്വാസപ്രമേയം അവതരിപ്പിച്ച മേയ് 13-ന് രാവിലെ ഒൻപതിന് മുമ്പേ വിജയ് ഓഫീസിലെത്തി. വ്യാഴാഴ്ചയും രാവിലെ 9.55-ന് സെക്രട്ടേറിയറ്റിലെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തി വൈകീട്ട് നാലുമണിവരെയാണ് ഓഫീസിലുണ്ടായിരുന്നത്.
മുഖ്യമന്ത്രിയായിട്ടും അമിത ഔപചാരികതകളില്ലാതെ വളരെ ലളിതമായ രീതിയിലാണ് വിജയ് പ്രവർത്തിക്കുന്നതെന്നാണ് സെക്രട്ടേറിയറ്റിലെ ജീവനക്കാർ പറയുന്നത്. സാധാരണ സർക്കാർ ജീവനക്കാരനെപ്പോലെ ഫയലുകൾ പരിശോധിച്ചും ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തിയും പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ശൈലി ജീവനക്കാരുടെ ഇടയിൽ ചർച്ചയാകുന്നുണ്ട്.
ഉച്ചഭക്ഷണവും വീട്ടിൽനിന്ന് കൊണ്ടുവന്ന് ഓഫീസിൽവെച്ചുതന്നെ കഴിക്കുന്നതാണ് വിജയിന്റെ പതിവ്. ജീവനക്കാരോടും സുരക്ഷാ ഉദ്യോഗസ്ഥരോടും സൗഹൃദപരമായി പെരുമാറുന്നുവെന്നും സെക്രട്ടേറിയറ്റിൽ പുതിയൊരു പ്രവർത്തനാന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
