കോഴിക്കോട്: ഇടതുകോട്ടയായ കോഴിക്കോട് ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോർച്ച അപ്രതീക്ഷിതമാണെന്നും പാർട്ടി തിരുത്തൽ നടത്തി മുന്നോട്ടുപോകണമെന്നും നേതാക്കൾ. വെള്ളിയാഴ്ച സി.പി.എം. ജില്ലാകമ്മിറ്റി ഓഫീസിൽ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ജില്ലയിൽനിന്നുള്ള നേതാക്കളുടെ തുറന്നുപറച്ചിൽ. കോഴിക്കോട് നോർത്ത് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽപ്പോലും ബി.ജെ.പി വലിയ മുന്നേറ്റം നടത്തിയെന്ന് നേതാക്കൾ പറഞ്ഞു. സി.പി.എമ്മിന് പരമ്പരാഗതമായി കിട്ടുന്ന വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഇത് അപകടമാണ്. പരിഹാരം വേണം. അല്ലെങ്കിൽ ഭാവിയിൽ തിരിച്ചടിയുണ്ടാവും.
എലത്തൂരിൽ സ്ഥാനാർഥിയെ നിർത്തിയതിൽത്തന്നെ വീഴ്ച പറ്റി. അല്ലെങ്കിൽ മണ്ഡലം നഷ്ടമാവില്ലായിരുന്നു. ജനങ്ങളുടെ അതൃപ്തി ഏറ്റുവാങ്ങുന്ന തീരുമാനമാണ് എലത്തൂരിലെടുത്തത്. എൽ.ഡി.എഫ്. പ്രവർത്തകർ പോലും സജീവമായി പലയിടത്തും പ്രചാരണരംഗത്തിറങ്ങിയില്ല. സംസ്ഥാനത്ത് ശക്തമായ യു.ഡി.എഫ്. തരംഗമുണ്ടായപ്പോൾപോലും കോഴിക്കോട് എൽ.ഡി.എഫ്. പിടിച്ചുനിൽക്കാറുണ്ട്. ഇത്തവണ കൂടുതൽ മണ്ഡലങ്ങൾ നഷ്ടമാവുമെന്നത് ഉറപ്പായിരുന്നു. പക്ഷേ, ഇത്ര വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ല. പേരാമ്പ്രയിൽപ്പോലും ഇടതുകേന്ദ്രങ്ങളിൽനിന്ന് യു.ഡി.എഫ്. സ്ഥാനാർഥി മുന്നിലെത്തിയതിന്റെ കാരണങ്ങൾ പരിശോധിക്കണം. ചില മണ്ഡലങ്ങളിൽ ശൈലികളിൽ പ്രശ്നമുണ്ട്. അത് തിരുത്തണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ യോഗത്തിൽ അഭിപ്രായപ്പെട്ടു.
എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.എ. മുഹമ്മദ് റിയാസ്, പി.കെ. ബിജു എന്നിവർ സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് പറയാനുള്ളത് മുഴുവനും തുറന്ന മനസ്സോടെ കേട്ടു. എല്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും യോഗത്തിൽ സംസാരിച്ചു. രാവിലെ എട്ടുമണിക്ക് തുടങ്ങിയ യോഗം വൈകീട്ട് ഏഴിനാണ് അവസാനിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ ജില്ലാകമ്മിറ്റി അംഗങ്ങൾക്ക് പറയാനുള്ളതുകൂടി ഇതേ നേതാക്കൾതന്നെ കേൾക്കും. സി.പി.എമ്മിന് എവിടെയാണ് വീഴ്ചപറ്റിയത് എന്നതിൽ തുറന്ന ചർച്ച നടത്താനാണ് ജില്ലാകമ്മിറ്റിയോഗം രണ്ടു ദിവസമാക്കിയത്. അതുകഴിഞ്ഞ് ഏരിയാ കമ്മിറ്റിതലങ്ങളിൽ ചർച്ച നടക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് ഏരിയായോഗങ്ങളിൽ പങ്കെടുക്കുക. തുടർന്നുള്ള ലോക്കൽകമ്മിറ്റി യോഗങ്ങളിൽ നടക്കുന്ന ചർച്ചയിൽ ജില്ലാകമ്മിറ്റി അംഗങ്ങളും ബ്രാഞ്ചുതലങ്ങളിൽ നടക്കുന്ന ചർച്ചകളിൽ ഏരിയാകമ്മിറ്റി നേതാക്കളും പങ്കെടുക്കും. അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാനസമിതിയോഗത്തിലും റിപ്പോർട്ട് ചെയ്യും. ആദ്യമായാണ് തിരഞ്ഞെടുപ്പ് തോൽവിയിൽ സി.പി.എമ്മിൽ ഇത്ര തുറന്ന ചർച്ച നടക്കുന്നത്.
