Home » Blog » kerala Mex » സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സ്പൈ ആക്ഷൻ ത്രില്ലർ; ധുരന്ധർ 2 നാളെ തിയറ്ററുകളിൽ
dhurandhar-680x450

ന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സ്പൈ ആക്ഷൻ ത്രില്ലർ ‘ധുരന്ധർ 2’ മാർച്ച് 19-ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ഹംസ എന്ന കഥാപാത്രമായി രൺവീർ സിംഗ് തകർത്താടിയ ആദ്യ ഭാഗം 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ചതോടെ രണ്ടാം ഭാഗത്തിനായി വലിയ ആവേശമാണ് പ്രേക്ഷകർക്കിടയിലുള്ളത്. ആദിത്യ ധർ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രത്തിൽ സഞ്ജയ് ദത്ത്, മാധവൻ, അർജുൻ രാംപാൽ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്.

ചിത്രത്തിന് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. അതിക്രൂരമായ വയലൻസ് രംഗങ്ങൾ ഉൾപ്പെടുത്തിയതിനാൽ 21 ഇടങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സെൻസർ ബോർഡ് നിർദ്ദേശിച്ചു. ഏകദേശം 1 മിനിറ്റ് 34 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് വെട്ടിമാറ്റിയത്. തലയറുക്കുന്നതും കണ്ണിന് പരിക്കേൽപ്പിക്കുന്നതും ഉൾപ്പെടെയുള്ള അസ്വസ്ഥതയുണ്ടാക്കുന്ന രംഗങ്ങൾ ഒഴിവാക്കാനും അശ്ലീല പദപ്രയോഗങ്ങൾ മ്യൂട്ട് ചെയ്യാനും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ചിത്രത്തിന് മുൻപ് പ്രത്യേക മുന്നറിയിപ്പ് എഴുതിക്കാണിക്കാനും നിർദ്ദേശമുണ്ട്.

മാറ്റങ്ങൾക്ക് ശേഷം ഇന്ത്യയിൽ പ്രദർശിപ്പിക്കുന്ന ധുരന്ധർ 2-ന്റെ ദൈർഘ്യം 3 മണിക്കൂർ 49 മിനിറ്റും 36 സെക്കൻഡുമാണ്. വിദേശ പതിപ്പിന് ഇതിനേക്കാൾ അല്പം കൂടി ദൈർഘ്യം കൂടുതലായിരിക്കും. ശനിയാഴ്ച ആരംഭിച്ച അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം 100 കോടി രൂപയുടെ കളക്ഷൻ നേടുമെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാരുടെ വിലയിരുത്തൽ. മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.