
തിരുവനന്തപുരം: സിഎംആര്‍എല്‍ എക്സാലോജിക്ക് കേസിലെ ഇഡി നീക്കത്തില്‍ ലഘുലേഖ ഇറക്കി ജനങ്ങളോട് വിശദീകരിക്കാന്‍ സിപിഐഎം. ഇഡി സിപിഐഎമ്മിനെതിരെ വേട്ടക്ക് ഇറങ്ങിയിരിക്കുകയാണെന്നാണ് ലഘുലേഖയില്‍ പറയുന്നത്. സിഎംആര്‍എല്‍ കമ്പനിയും ആദായ നികുതി വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് തുടക്കമെന്നാണ് ലഘുലേഖയില്‍ വിശദീകരിക്കുന്നത്. ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലാണ് ലഘുലേഖയുടെ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രിയുമായി ചേര്‍ത്ത് വ്യജ പ്രചാരണങ്ങള്‍ ഉണ്ടായി. ടി വീണയ്ക്ക് എതിരായ നീക്കത്തിന് പിന്നില്‍ പിണറായി വിജയന്റെ മകള്‍ എന്ന ഒറ്റക്കാരണമാണെന്നും ലഘുലേഖ വിശദീകരിക്കുന്നു. പത്തുവര്‍ഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് സിഎംആര്‍എല്ലിന് വഴിവിട്ട ഒരു സഹായവും നല്‍കിയില്ല. എക്സാലോജിക് കേസില്‍ ഒന്നും കിട്ടാതായപ്പോഴാണ് റിയാസിലേക്ക് നീങ്ങിയതന്നും വിശദമായി തന്നെ ലഘുലേഖയില്‍ വ്യക്തമാക്കുന്നു. കോഴിക്കോട്ടെ റെയ്ഡ് മറ്റൊരു ഇടപെടല്‍ ലക്ഷ്യമിട്ടായിരുന്നു. പിണറായി വിജയനും സിപിഐഎമ്മിനും എതിരെ ഇത്തരത്തില്‍ ഒട്ടേറെ കള്ളക്കഥകള്‍ നേരത്തെയും വന്നിട്ടുണ്ടെന്നും ലഘുലേഖയില്‍ പറയുന്നു. എക്സാലോജിക് കമ്പനിക്കും ടി വീണയ്ക്കുമെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ലഘുലേഖ ചൂണ്ടിക്കാട്ടുന്നത്. സിഎംആര്‍എല്ലും ഡയറക്ടര്‍മാരും നല്കിയ സെറ്റില്‍മെന്റ് അപേക്ഷ പരിഗണിച്ച ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ്, എക്സാലോജിക്കിന് നല്കിയ തുകയ്ക്ക് സേവനം ലഭിച്ചില്ലെന്ന സിഎംആര്‍എല്‍ ജീവനക്കാരുടെ മൊഴി അടിസ്ഥാനമാക്കിയാണ് ആദായനികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സേവനം ലഭിച്ചെന്നും മൊഴി സമ്മര്‍ദത്തെ തുടര്‍ന്ന് നല്‍കിയതാണെന്നും വ്യക്തമാക്കിയ സിഎംആര്‍എല്‍ അധികൃതരുടെ സത്യവാങ്മൂലങ്ങള്‍ പരിഗണിച്ചില്ലെന്നാണ് ലഘുലേഖയില്‍ പറയുന്നത്. എക്സാലോജിക് തുകയ്ക്ക് നികുതി അടച്ചതും ഇരു കമ്പനികളും തമ്മില്‍ കരാറുണ്ടായിരുന്നതും പരിഗണിച്ചില്ലെന്നും സ്വാഭാവിക നീതി പാലിച്ചില്ലെന്നും സിപിഐഎം ആരോപിക്കുന്നു
