ഹരിപ്പാട്: മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ടത് തലയ്ക്കേറ്റ ഗുരുതര പരുക്കുമൂലമെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹരിപ്പാട് പിലാപ്പുഴ പൂതൂക്കാട് സുപ്രഭാതം വീട്ടിൽ ബസന്തിന്റെ മകൾ സാവര്യ (22) ആണ് സഹപാഠിയുടെ ക്രൂര ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച നാട്ടിലെത്തിച്ച മൃതദേഹം മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വിശദമായി പരിശോധിച്ചത്. മൃതദേഹത്തിന്റെ 150 ചിത്രങ്ങൾ ശേഖരിച്ചു. റീ പോസ്റ്റ്മോർട്ടം പൂർണമായി വീഡിയോയിൽ പകർത്തി. റിപ്പോർട്ട് ചൊവ്വാഴ്ച പോലീസിനു കൈമാറും.
സഹപാഠി പെരിന്തൽമണ്ണ സ്വദേശി സദറുൾ അനമി(23)ന്റെ ക്രൂരമർദനത്തിനിരയായ സാവര്യ, ശനിയാഴ്ചയാണ് ഉസ്ബെക്കിസ്താനിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. യുവതിയെ ലാപ്ടോപ്പുകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തുകയായിരുന്നെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. ഇതു ശരിവെക്കുന്നതാണ് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
റൂമിനകത്തു കയറ്റിയ പ്രതി സാവര്യയെ മർദിച്ചശേഷം തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സാവര്യയെ പ്രതി തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് തലയിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം ഉസ്ബെക്കിസ്താനിലെ ആശുപത്രിയിലാണ് ആദ്യം പോസ്റ്റ്മോർട്ടം നടത്തിയത്. അതും തലയിൽ ശസ്ത്രക്രിയ നടത്തിയതും മൃതദേഹം നാട്ടിലെത്തിക്കാൻ ആന്തരികാവയവങ്ങൾ നീക്കി എംബാം ചെയ്തതും റീ പോസ്റ്റ്മോർട്ടത്തിലൂടെ വിശദമായ മരണവിവരം തേടാനുള്ള ദൗത്യം സങ്കീർണമാക്കുമെന്നാണ് അറിയുന്നത്.
തലയിൽ പൊട്ടലേറ്റ ഭാഗവും തലച്ചോറിന്റെ ഒരുഭാഗവും ഉസ്ബെക്കിസ്താനിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ശാസ്ത്രീയ പരിശോധനയ്ക്കായി മാറ്റിയിരുന്നു. ശരീരത്തിൽ ഒട്ടേറെ മുറിവുകളുണ്ടായിരുന്നെന്നും കടിയേറ്റ പാട് വ്യക്തമായി കാണാമായിരുന്നെന്നുമാണ് ഡോക്ടർമാർ സൂചിപ്പിച്ചത്. അതേസമയം, സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. വെള്ളിയാഴ്ച വൈകീട്ട് സാവര്യയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. ഉടൻ അന്വേഷണം തുടങ്ങാൻ സംസ്ഥാന ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനു നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
