
സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തര നിർദേശം നൽകി. തിരുവനന്തപുരത്ത് നടന്ന ഉന്നതതല അവലോകന യോഗത്തിലാണ് പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെ.എസ്.ഇ.ബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.ജി. രാജമാണിക്യം തുടങ്ങിയ ഉയർന്ന ഉദ്യോഗസ്ഥരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. മുൻഗണനാക്രമത്തിൽ പ്രശ്നപരിഹാരത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ യോഗത്തിൽ തീരുമാനമായി.
നിലവിലെ വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചേർന്ന് അടിയന്തര അവലോകന യോഗം നടത്തിയെന്നും പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിന്നീട് എക്സിൽ കുറിച്ചു.
എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ, രാജ്യത്താകമാനം വൈദ്യുതി ആവശ്യകത കൂടിയതും പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറയാൻ കാരണമായിട്ടുണ്ട്.
