കണ്ണൂർ: സംസ്ഥാനത്ത് പവർ കട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പവർ ഫെയിലിയർ ഉണ്ടെന്നും അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് അത് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസം കൂടി പ്രയാസം ഉണ്ടാകും. ജനങ്ങൾ സഹകരിക്കണം. പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാനുള്ള ഫോളോപ്പ് ഉണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പ്രഖ്യാപനങ്ങൾ നടപ്പാക്കണമെന്നതാണ് ആഗ്രഹം. കൊല്ലത്ത് നിലച്ചുപോയ പദ്ധതികളിൽ റിവ്യു നടത്തും. മെഡിക്കൽ കോളജുകളിലെ അവസ്ഥ തനിക്ക് ബോധ്യം ഉണ്ട്. ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് പ്രശ്നങ്ങൾ ബോധ്യപെടുത്തുമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളോട് സീറോ ടോളറൻസ് ആയിരിക്കും സർക്കാർ നിലപാട്. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ പ്രാധാന്യം നൽകുന്നു. അംഗനവാടി ജീവനക്കാർ തന്നെ വന്ന് കണ്ടു. ബിരിയാണി കൊടുക്കാനാണ് ലഭിച്ചിരുന്ന നിർദേശം എന്ന് പറഞ്ഞു. പക്ഷെ അത് കൊടുക്കാൻ നിർവാഹം ഇല്ലെന്ന് ആണ് ജീവനക്കാർ പറഞ്ഞത്, അത് പരിശോധിക്കും. അംഗനവാടികളുടെ നിലവാരം വർധിപ്പിക്കും. കെട്ടിടങ്ങളുടെ അവസ്ഥ ഉൾപ്പടെ പരിശോധിക്കാൻ സമിതിയെ വയ്ക്കും. ക്ഷീര മേഖല പ്രതിസന്ധിയിൽ ആണ്. മുൻ സർക്കാർ അംഗീകരിച്ച പാൽ വില വർധന ഈ സർക്കാർ ചെയ്തു എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. ഇനിയും വില വർധന അല്ലാതെ നൂതന മാർഗങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുമെന്നും അവർ കൂട്ടിചേർത്തു.
